photo
ഡ്രജ്ജ് ചെയ്യുന്ന കുഴികൾ നികത്തുന്നതിനായി യോഗീശ്വരൻ മൈനിംഗ് സൈറ്റിൽ സ്ഥപിച്ച ഹൈക്ലോൺ പമ്പ്

കരുനാഗപ്പള്ളി: ചവറ ഐ.ആർ.ഇ കമ്പനി വെള്ളനാതുരുത്ത് യോഗീശ്വരൻ മൈനിംഗ് സൈറ്റിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഹൈക്ലോൺ പമ്പ് നോക്കുക്കുത്തിയാകുന്നു. 14 ലക്ഷം രൂപ മുതൽ മുടക്കിയാണ് പമ്പ് സ്ഥാപിച്ചത്. യോഗീശ്വൻ സൈറ്റിൽ നിന്ന് ഡ്രജ്ജു ചെയ്യുന്ന കരിമണൽ വെള്ളനാതുരുത്തിലെ മിനി സെപ്പറേഷൻ പ്ലാന്റിൽ വെച്ചാണ് ധാതു മണൽ വേർതിരിക്കുന്നത്. ഇതിന് ശേഷം വരുന്ന വേസ്റ്റ് മണ്ണ് മിനി സെപ്പറേഷൻ പ്ലാന്റിൽ നിന്ന് പൈപ്പ് മാർഗം യോഗീശ്വൻ സൈറ്റിലെത്തിച്ച് ഡ്രജ്ജ് ചെയ്ത സ്ഥലം റീഫില്ല് ചെയ്യുന്നതിന് വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി ഹൈക്ലോൺ പമ്പ് സ്ഥാപിച്ചത്.

മൈനിംഗ് സൈറ്റിൽ നിന്നും ലക്ഷങ്ങൾ മുടക്കിയാണ് ലോറികളിൽ വേസ്റ്റ് മണ്ണ് ഡ്രജ്ജിംഗ് സ്ഥാനങ്ങളിലെത്തിക്കുന്നത്. വെള്ളനാതുരുത്ത് മിനി സെപ്പറേഷൻ പ്ലാന്റിൽ നിന്ന് ഒരു കിലോമീറ്ററോളം വടക്ക് മാറിയാണ് യോഗീശ്വൻ മൈനിംഗ് സൈറ്റ്. ഇവിടേക്ക് വേസ്റ്റ് മണൽ കൊണ്ട് വരാനായി 6 ലക്ഷം രൂപ ചെലവഴിച്ചതാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് 6 ഇഞ്ച് വണ്ണമുള്ള പി.വി.സി പൈപ്പ് ഹൈക്ലോൺ പമ്പുമായി ഘടിപ്പിച്ചിട്ടുള്ളത്. പ്ലാന്റിൽ മണ്ണിന്റെ വേർതിരിക്കൽ പൂർത്തിയായാൽ വേസ്റ്റ് മണൽ വെള്ളത്തോടൊപ്പം പൈപ്പ് വഴി മൈനിംഗ് സൈറ്റിലെ ഡ്രജ്ജ് ചെയ്ത കുഴികളിൽ വന്ന് വീഴും. ഒരു രൂപ പോലും അധികച്ചെലവില്ലാതെ കമ്പനിക്ക് ഡ്രജ്ജ് ചെയ്ത കുഴികൾ ഇത്തരത്തിൽ നികത്താൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

14 ലക്ഷം രൂപാ മുതൽ മുടക്കിയാണ് പമ്പ് സ്ഥാപിച്ചത്.

പമ്പ് ഉപയോഗിക്കേണ്ടി വന്നിട്ടില്ല

രണ്ട് വർഷത്തിനുള്ളിൽ ഒരിക്കൽപ്പോലും പമ്പ് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. വെള്ളനാതുരുത്തിലെ പ്ലാന്റിൽ കരിമണൽ വേർതിരിക്കുമ്പോൾ പുറത്തേക്ക് വരുന്ന വേസ്റ്റുമണ്ണ് ടിപ്പർ ലോറികളിൽ കയറ്റി കരാറുകാരൻ ഡ്രജ്ജ് ചെയ്യുന്ന സൈറ്റുകളിൽ എത്തിക്കുന്ന പഴയ രീതി തന്നെയാണ് ഇപ്പോഴും പിൻതുടരുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന നിരവധി മെഷിനറികൾ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചെങ്കിലും ഇതിന്റെ ഗുണ ഫലം കമ്പനിക്ക് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.