navas
മൈനാഗപ്പള്ളിയിലെ ലെവൽ ക്രോസിലെ ടാർ ഇളക്കിയ ഭാഗം

ശാസ്താംകോട്ട: കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാന പാതയിൽ മൈനാഗപ്പള്ളിയിലെ ലെവൽ ക്രോസുകളിൽ അപകടം പതിയിരിക്കുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് യാത്രക്കാർ പറയുന്നത്. ട്രാക്കിലെ ടാർ ചെയ്ത ഭാഗം ഇളകിയതാണ് അപകടങ്ങളുടെ പ്രധാന കാരണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെയ്ത ടാറിംഗ് ഇളകിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടി മാത്രം ഇനിയും അകലെയാണ്.

നിലവിൽ ട്രാക്കും റോഡും തമ്മിലുള്ള ഉയരവ്യത്യാസമാണ് വില്ലനാകുന്നത്. ടാർ ഇളകിയതോടെ റോഡിനേക്കാൾ ഉയരത്തിലാണ് ട്രാക്ക് സ്ഥിതിചെയ്യുന്നത്.

ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ നിരവധി യാത്രക്കാർക്കാണ് ഇത്തരത്തിൽ പരിക്ക് പറ്റിയത്. ഗേറ്റു തുറക്കുമ്പോഴുള്ള തിരക്കിലാണ് അപകടങ്ങളിലേറെയും. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി സ‌ഞ്ചരിക്കുന്നത്. സമാന സ്ഥിതിയിലുള്ള കാരാളിമുക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിലും ഇതാണ് അവസ്ഥ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.