കൊല്ലം: നഗരമേഖലയിലെ കാർഷിക സംരംഭങ്ങളിൽ സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടം കൊയ്ത കൊല്ലം കോർപ്പറേഷനിലെ കാർഷിക കർമ്മസേനയ്ക്ക് ഓഫീസ് തുറന്നു. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്സിൽ ആരംഭിച്ച പുതിയ ഓഫീസ് മേയർ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.
ഹരിത നഗരമെന്ന ലക്ഷ്യത്തിലേക്കെത്താൻ കാർഷിക കർമ്മസേന നിർണായക സംഭാവനകൾ നൽകുന്നതായി മേയർ പറഞ്ഞു. അൻപത് വർഷമായി തരിശുകിടന്ന അറുന്നൂറ്റി മംഗലം, ഇരവിപുരം കാരിക്കുഴി, കൊറ്റങ്കര ഏലാകളിൽ കൃഷിയിറക്കാൻ കർമ്മസേനയുടെ സാങ്കേതിക വൈദഗ്ധ്യവും തൊഴിലാളികളും സഹായകമായി. ഗ്രോബാഗ് കൃഷി വ്യാപനത്തിലും കാർഷിക കർമ്മ സേനയാണ് നേതൃത്വം നൽകിയത്. 10 ലക്ഷം രൂപ ലാഭത്തിലേക്ക് കാർഷിക കൂട്ടായ്മയ്ക്ക് വളരാൻ കഴിഞ്ഞത് പ്രതീക്ഷ നൽകുന്നതായും മേയർ പറഞ്ഞു.
തിരിനന പദ്ധതി ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കർമ്മസേനാ പ്രസിഡന്റ് സാംബൻ കെ. ഓട്ടുപുരയിൽ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.ജെ. രാജേന്ദ്രൻ, ചിന്ത എൽ. സജിത്ത്, ഷീബ ആന്റണി, ടി.ആർ. സന്തോഷ്‌കുമാർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ, കർമ്മസേന സെക്രട്ടറി എൻ. ജവഹർലാൽ, കോ ഓർഡിനേറ്റർ ഡി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.