03
ചടയമംഗലം പോലീസിന്‍റെ പിടിയാല പ്രതികള്‍ സാന്‍ജോ ജോണ്‍സണ്‍, അഖില്‍ എന്നിവര്‍

ആയൂർ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ആയൂർ കുഴിയം സ്വദേശിയായ സാൻജോ ജോൺസൺ (24),​ ഇയാളുടെ സഹായി ആയൂർ സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (24) എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടുപേരും ചേർന്ന് രണ്ടാഴ്ച മുമ്പ് ചടയമംഗലം സ്വദേശിയായ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ചടയമംഗലം പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാൻജോ ജോൺസൺ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറിയുന്നത്. ചടയമംഗലം, കൊട്ടാരക്കര, പൂയപ്പള്ളി സ്റ്റേഷനുകളിലായി വധശ്രമത്തിന് മാത്രം നാല് കേസുകൾ ഇയാളുടെ പേരിലുണ്ട്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ചടയമംഗലം സി.ഐ സാജു എസ്. ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ സംഘം രൂപീകരിച്ചു. തുടർന്ന് നടന്നിയ അന്വേഷണത്തിലാണ് കുഴിയം മാങ്കുളത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സാൻജോ ജോൺസനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടി ആരംഭിച്ചെന്ന് ചടയമംഗലം പൊലീസ് അറിയിച്ചു. എസ്.ഐ. ഇ. ഗോപകുമാർ, എ.എസ്.ഐ സെൻകുമാർ, സീനിയർ സിവിൽ പൊലീസ് ഒാഫീസർമാരായ അനിൽ കുമാർ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.