പത്തനാപുരം: വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതച്ച് കാട്ടാനക്കൂട്ടമെത്തുന്നു. പിറവന്തൂർ പഞ്ചായത്തിലെ കറവൂർ കോട്ടക്കയം, മുള്ളുമല മേഖലകളിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ റോഡിലേക്കിറങ്ങുന്ന കാട്ടാനകൾ യാത്രികർക്കും വലിയ ഭീഷണിയാണ്. ഏതാനും ദിവസം മുമ്പ് പുനലൂർ ഡിപ്പോയിൽ നിന്ന് അച്ചൻകോവിലിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ കാട്ടാന മാർഗതടസം സൃഷ്ടിച്ചിരുന്നു. ഡ്രൈവറുടെ ധൈര്യവും മനസാന്നിദ്ധ്യവുമാണ് കാട്ടാനയിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്.
കിടങ്ങുകൾ പുനർ നിർമ്മിച്ചും വൈദ്യുതി വേലികളിൽ അറ്റകുറ്റപ്പണി നടത്തിയും വന്യമൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാൻ അധികൃതർ തയ്യാറാകണം
പ്രദേശവാസികൾ
കിടങ്ങുകളും സോളാർ വേലികളും
വന്യമൃഗങ്ങളുടെ ശല്യവും ആക്രമണവും ഒരു പരിധി വരെയെങ്കിലും ഒഴിവാക്കുന്നതിന്റെ ഭാഗമായി കിടങ്ങുകളും സോളാർ വേലികളും സ്ഥാപിച്ചിരുന്നു. എന്നാൽ യഥാസമയത്ത് അറ്റകുറ്റപ്പണികൾ പോലും നടത്താത്തതിനാൽ വർഷങ്ങളായി കിടങ്ങുകളും സോളാർ വേലികളും പ്രവർത്തന രഹിതമാണെന്ന് പ്രദേശവാസികൾ പറയുന്നു.
തടയണകൾ തകർന്നു
ആഹാരവും വെള്ളവും തേടിയാണ് കാട്ടാനകൾ കാടുവിട്ടിറങ്ങുന്നത്. വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി വനത്തിലൂടെ ഒഴുകുന്ന തോടിനുള്ളിൽ പലയിടങ്ങളിലായി തടയണകൾ സ്ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം തകർന്ന നിലയിലാണ്. കിഴക്കേ വെള്ളം തെറ്റി, കറവൂർ, കടശേരി മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്.
കൃഷി നശിപ്പിക്കുന്നു
കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഇവിടങ്ങളിൽ കൃഷി ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വാഴ, മരച്ചീനി, തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ കാട്ടാനകൾ നശിപ്പിക്കുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് ഒരാനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.