കൊട്ടാരക്കര: ഇരുപതു വർഷമായി തകർന്നു കിടക്കുന്ന തൃക്കണ്ണമംഗൽ ഞാറമൂട് തെറ്റിയോട് പ്ളാപ്പള്ളി റോഡ് എത്രും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. തട്ടം തെറ്റിയോട് പ്ളാപ്പള്ളി കെ.ഐ.പി കനാൽ റോഡ് കിലോമീറ്ററുകളോളം പൊട്ടിപ്പൊളിഞ്ഞതിനാൽ കാൽനട യാത്ര പോലും അസാദ്ധ്യമായ നിലയിലാണ്. റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം കൊട്ടാരക്കര നഗരസഭയിൽ ഈയ്യംകുന്നു വാർഡിലും ബാക്കി ഭാഗം വെട്ടിക്കവല ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുമാണ്. ഈ പ്രദേശത്ത് നൂറുകണക്കിനു കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെയുള്ളവർക്ക് സമീപത്തുള്ള ടൗണുകളിലെത്താനുള്ള പ്രധാന റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. റോഡ് തകർന്നതോടെ ഇതുവഴി ഓട്ടോ റിക്ഷയോ ടാക്സിയോ ഓട്ടം വിളിച്ചാൽ വറാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മെറ്റലും ടാറും ഇളകി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെ യാത്രയും ദുഷ്ക്കരമാണ്.
തട്ടം ഞാറമൂട് തെറ്റിയോട് റോഡിലൂടെയുള്ള കടുത്ത യാത്രാ ദുരിതം പരിഹരിക്കുന്നതിന് എത്രയും വേഗം റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണം. നഗരസഭയോ ബ്ലോക്ക് പഞ്ചായത്തോ ജില്ലാ പഞ്ചായത്തോ മുൻ കൈയെടുത്താൽ മാത്രമേ പ്രശ്ന പരിഹാരമുണ്ടാകൂ
നാട്ടുകാർ