കുന്നത്തൂർ: ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് പ്രവർത്തന മികവിനുള്ള ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങൾ തടയലും കണ്ടെത്തലും, സ്റ്റേഷൻ പരിധിയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കൽ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് സ്റ്റേഷനിൽ കൃത്യമായ ക്ലാസ്, സൗജന്യ പി.എസ്.സി കോച്ചിംഗ്, മദ്യപാനമുക്തിക്കായി കൗൺസലിംഗ്, ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തൽ തുടങ്ങി ഒട്ടേറെ സേവനങ്ങൾ ശാസ്താംകോട്ട സ്റ്റേഷനിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ജില്ലയിൽ ആദ്യമായി ശാസ്താംകോട്ട പൊലീസ് സ്റ്റേഷനാണ് ഈ അംഗീകാരം ലഭിക്കുന്നത്. ശൂരനാട് പൊലീസ് സ്‌റ്റേഷന്റെ ഔട്ട് പോസ്റ്റായി പ്രവർത്തനമാരംഭിച്ചെങ്കിലും 1987ലാണ് പൊലീസ് സ്‌റ്റേഷനായി ഉയർത്തുന്നത്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വന്ന സ്റ്റേഷൻ 2011 ലാണ് തടാകതീരത്ത് ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഐ.എസ്.ഒ പുരസ്‌കാരദാനച്ചടങ്ങ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പുരസ്കാരം ഏറ്റുവാങ്ങി. ശാസ്താംകോട്ട സി.ഐ വി.എസ്. പ്രശാന്ത്, എസ്.ഐ ഷുക്കൂർ, മുൻ എസ്.ഐമാരായ രാജീവ്, നൗഫൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ. നൗഷാദ്, ശുഭ, കുന്നത്തൂർ പ്രസാദ്, പഞ്ചായത്തംഗം ദിലീപ് കുമാർ, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ പി.ജി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
കൊല്ലം റൂറൽ ജില്ലയിൽ പൊലീസിന് അംഗബലം കുറവെന്ന് എസ്.പി
കൊല്ലം റൂറൽ ജില്ലയിൽ പൊലീസിന് അംഗബലം കുറവാണെന്ന് എസ്.പി ഹരിശങ്കർ പറഞ്ഞു. ഈ സാഹചര്യത്തിലും പൊലീസ് ഉദ്യോഗസ്ഥർ ജോലിയിൽ മികച്ച നിലവാരമാണ് പുലർത്തുന്നത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് ലഭിച്ച ഐ.എസ്.ഒ പുരസ്കാരദാനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അംഗബലത്തിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ വലിപ്പമോ ഭംഗിയോ അല്ല മറിച്ചു സ്റ്റേഷനിൽ നിന്നും പൊതുജനങ്ങൾക്കു ലഭിച്ച മെച്ചപ്പെട്ട സേവനമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. ശാസ്താംകോട്ട സ്റ്റേഷനിൽ ഒരു കോൺഫറൻസ്ഹാൾ പണിയുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.