കൊല്ലം: ലോട്ടറി കച്ചവടക്കാരനിൽ നിന്ന് പണവും ലോട്ടറിയും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. തൃക്കരുവ അഷ്ടമുടി ജയന്തി കോളനി ഫാത്തിമ മൻസിലിൽ ഷംനാദ്(34), കരുവ വലിയവിള വീട്ടിൽ ഷാഫി (28) എന്നിവരാണ് പിടിയിലായത്. മുളങ്കാടകം ജംഗ്ഷനിൽ ലോട്ടറി വില്പന നടത്തുകയായിരുന്ന തഴുത്തല വടക്കേ മൈലക്കാട് തടവിള വീട്ടിൽ യേശുദാസന്റെ പക്കൽ നിന്ന് 6000 രൂപയും 2600 രൂപയുടെ ലോട്ടറിയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഈ മാസം 9ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. മുളങ്കാടകം ജംഗ്ഷനിൽ ബൈക്കിലെത്തിയ ഷംനാദും ഷാഫിയും ചേർന്ന് യേശുദാസന്റെ പോക്കറ്റിൽ നിന്ന് പണം അപഹരിച്ച ശേഷം ലോട്ടറിയും തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു. വെസ്റ്റ് സി.ഐ ജി. രമേശിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11 മണിയോടെ ശക്തികുളങ്ങരയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും തട്ടിയെടുത്ത ലോട്ടറി ടിക്കറ്റുകളും കണ്ടെടുത്തു.