c
തോക്ക് ചൂണ്ടി മാല പിടിച്ചുപറി

കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻ മുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത് കൊല്ലം നഗരത്തിൽ രണ്ട് ദിവസം തങ്ങിയായിരുന്നുവെന്ന് മുഖ്യ പ്രതിയും ഗുണ്ടാതലവനുമായ ഡൽഹി സ്വദേശി സത്യദേവിന്റെ വെളിപ്പെടുത്തൽ. സംഘത്തിലെ രണ്ടുപേർ നേരത്തെ തന്നെ കൊല്ലത്തെത്തി തമ്പടിച്ചിരുന്നു. സെപ്തംബർ 26നാണ് സത്യദേവ് അടക്കമുള്ള ആറംഗം സംഘം കൊല്ലത്തെത്തിയത്. പിന്നീട് എട്ട് പേരും ചേർന്ന് കവർച്ച നടത്തിയ ശേഷം രക്ഷപ്പെടാനുള്ള റൂട്ട് മാപ്പടക്കം തയ്യാറാക്കി. ഇവരുടെ താമസ സ്ഥലം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആറംഗസംഘം കൃത്യംനടത്തിയ ശേഷം ഡൽഹിയിലേക്ക് കടന്നെങ്കിലും നേരത്തെ എത്തിയ രണ്ടുപേർ കൊല്ലത്ത് തന്നെ രണ്ട് ദിവസം കൂടി തുടർന്നു. ഇവർ ഇവിടെ നിന്നുകൊണ്ട് പൊലീസിന്റെ നീക്കങ്ങൾ മനസിലാക്കി വിവരങ്ങൾ കൈകമാറിയ ശേഷമാണ് ഡൽഹിയിലേക്ക് കടന്നത്. കവർച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരുടെയും സഹായിച്ച മറ്റ് രണ്ട് പേരുടെയും കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ തുടരുന്ന അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഇവരുടെ താമസ സ്ഥലങ്ങളിൽ പലതവണ എത്തിയെങ്കിലും കണ്ടെത്താനായില്ല.

തെളിവെടുപ്പ് ഇന്ന്

സത്യദേവുമായി അന്വേഷണ സംഘം ഇന്ന് പിടിച്ചുപറി നടന്ന കൊല്ലം റൂറൽ പൊലീസ് പരിധിയിലെയും കൊല്ലം നഗരത്തിലെയും സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തും. ഏഴ് ദിവസത്തേക്കാണ് സത്യദേവിനെ കോടതിയിൽ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. രണ്ട് കൊലപാതകം ഉൾപ്പെടെ നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ സത്യദേവിനെ സായുധ പൊലീസിന്റെ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സെപ്തംബർ 28 ന് രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് സത്യദേവ് അടങ്ങുന്ന നാലംഗ സംഘം വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തത്.