കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന പാലമൂട് മുക്ക് - പിണറുമൂട്ടിൽ മുക്ക് റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി. റോഡിലെ കുണ്ടും കുഴിയുമാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. വാഹനങ്ങൾക്കും കാര്യമായ തകരാറുകളാണ് റോഡ് സമ്മാനിക്കുന്നത്. പാലമൂട് മുക്കിൽ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിനാണ് ഈ ദുരവസ്ഥ.
9 വർഷങ്ങൾക്ക് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. ഇതിന് ശേഷം ഒരിക്കൽപ്പോലും റോഡിനോട് അധികൃതർ കരുണ കാട്ടിയിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി നഗരസഭ ബഡ്ജറ്റിൽ 5 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. അനുവദിച്ച തുക കുറവായതാണ് ഇതിന് കാരണമെന്നാണ് ആരോപണം. ഇത്തരത്തിൽ നഗരസഭാ അതിർത്തിയിലെ 12 റോഡുകളുടെ ടെണ്ടർ നടപടികളിൽ നിന്നാണ് കരാറുകാർ പിൻവാങ്ങിയത്. പാലമൂട് മുക്ക് റോഡും ഇതിൽ ഉൾപ്പെടുന്നതായി ഡിവിഷൻ കൗൺസിലർ എം.കെ.വിജയഭാനു പറഞ്ഞു.
ഓടയില്ലാത്തത് ഭീഷണി
നിലവിൽ റോഡ് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. മഴ സീസണിൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതാണ് അപകട ഭീഷണി വർദ്ധിപ്പിക്കുന്നത്. കാൽനട യാത്രപോലും ദുസഹമായ അവസ്ഥയിലാണ് കാര്യങ്ങൾ. നഗരസഭയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് ടൗണിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗമാണ് ഈ റോഡ്. പാലമൂട് മുക്ക് മുതൽ കിഴക്കോട്ട് രണ്ടാം തഴത്തോട് വരെ ഓടയില്ലാത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണമായി നാട്ടുകാർ പറയുന്നത്. മഴ വെള്ളം ഒഴികിപ്പോകാൻ മാർഗ്ഗമില്ലാത്തതിനാൽ വെള്ളം റോഡിൽ തന്നെ കെട്ടിനിൽക്കുകയാണ്.
ഓടയില്ലാത്തതിനാൽ കെട്ടിക്കിടക്കുന്ന മഴവെള്ളമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം.
റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങൾ താമസിക്കുന്നു. ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗവും ഇതാണ്. വർഷങ്ങളായി തകർന്ന് കാൽനട യാത്ര പോലും അസാദ്ധ്യമായ അവസ്ഥയിലാണ്. റോഡ് മതിയായ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കണം.
നാട്ടുകാർ