gandhi-bhavan
പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, മുൻ വൈസ് പ്രസിഡന്റ് ഷൈലജ പുഷ്പൻ എന്നിവരുടെ നേതൃത്വത്തിൽ ജഗദമ്മയെ ഗാന്ധിഭവനിൽ എത്തിച്ചപ്പോൾ

പത്തനാപുരം:ഏകാന്തവാസം സമ്മാനിച്ച മനോദൗർബല്യം കാരണം ജീവിതം വഴിമുട്ടിയ മധ്യവയസ്‌ക ഗാന്ധിഭവന്റെ സംരക്ഷണത്തിൽ. അടൂർ മിത്രപുരം പാറക്കൂട്ടത്തിൽ കിഴക്കേതിൽ ജഗദമ്മയെ (57) കഴിഞ്ഞദിവസം ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.
ഭർത്താവ് ഉപേക്ഷിച്ചുപോയ ജഗദമ്മയുടെ ജീവിതം ദുരിതപൂർണമായിരുന്നു. ഏക മകളെ സംരക്ഷിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ചെയ്യാൻ കഴിയുന്ന ജോലികൾ ചെയ്തു. അടുത്ത ബന്ധുക്കളുടെ സഹായത്താൽ മകളുടെ വിവാഹം കഴിഞ്ഞതോടെ കൂട്ടിനാരുമില്ലാത്ത അവസ്ഥയായി. തനിച്ചു ജീവിച്ചു തുടങ്ങിയതോടെ ചിന്തകൾക്കു കനം വച്ചു. വീട്ടിലേക്ക് ആരും വരുന്നതുപോലും ഇഷ്ടമല്ലാതായി.മകൾക്കുപോലും വീട്ടിൽ പ്രവേശനമില്ലാതായി.
വർഷങ്ങൾ പഴക്കമുള്ള വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം ഇതിനിടെ തകർന്നു വീണു. അതിനുള്ളിലെ അമ്മയുടെ ജീവിതം സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞ മകൾ തങ്ങളുടെ കൂരയിലെ പരിമിതമായ സൗകര്യത്തിലേക്ക് അമ്മയെയും കൂട്ടി. അവിടെ എത്തി രണ്ടുദിവസത്തേക്ക് പ്രശ്‌നങ്ങൾ ഉണ്ടായില്ല. മൂന്നാം ദിനം മുതൽ വീട്ടിലേക്കു മടങ്ങണമെന്നു പറഞ്ഞു പ്രശ്‌നങ്ങളാരംഭിച്ചു. തുടർന്ന് ബന്ധുക്കളുമായി ആലോചിച്ച് പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷിനെ വിവരം അറിയിച്ചു. അദ്ദേഹം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനുമായി ബന്ധപ്പെട്ട് അനുമതി വാങ്ങി. തുടർന്ന് ജഗദമ്മയെ ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു.