പുനലൂർ: കേരളത്തിലെ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഈഴവ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് നൽകി വന്ന സ്കോളർഷിപ്പ് റദ്ദു ചെയ്തത് പുഃനസ്ഥാപിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പുനലൂർ യൂണിയൻ അതിർത്തിയിലെ യൂത്ത്മൂവ്മെന്റ്, സൈബർസേന, വനിതാസംഘം പ്രവർത്തകർ പുനലൂർ ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച് യൂണിയൻ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിലെ വിദ്യാർത്ഥികളോട് സർക്കാർ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി യൂണിയൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് നേതാക്കൾക്ക് യൂണിയൻ പ്രസിഡന്റ് പീത പതാക കൈമാറി. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്,യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ യൂണിയൻ ആസ്ഥാനത്ത് നിന്നാരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി, വൈദേഹി ജംഗ്ഷൻ വഴി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എത്തിയ ശേഷം തിരികെ കെ.എസ്.ആർ.ടി.സി കവലയിൽ സമാപിച്ചു. യൂത്ത് മൂവ്മെന്റ് പുനലൂർ യൂണിയൻ പ്രസിഡന്റ് ഡി. ആദർശ് ദേവ്, സൈബർസേന യൂണിയൻ സെക്രട്ടറി അനീഷ് ഇടത്തറപ്പച്ച, ഏരൂർ സുനിൽ, അജി, ആർച്ചൽ രവികുമാർ, എസ്. കുമാർ, രാജമ്മ ജയപ്രകാശ്, ലതികാ സുദർശനൻ, ബിന്ദു, വിജയമ്മ രവീന്ദ്രൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.