കൊല്ലം: കൺസഷൻ നിഷേധിച്ച് വിദ്യാർത്ഥികളോട് കെ.എസ്.ആർ.ടി.സി യുടെ ക്രൂരത. ചെയിൻ സർവീസ് തുടങ്ങിയ റൂട്ടുകളിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് കൺസഷൻ ഇല്ലാതെ ഫുൾ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നത്. പാവപ്പെട്ട കുടുംബങ്ങളിൽ. നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ഇരുട്ടടിയായി.
ചെയിൻ സർവീസ് തുടങ്ങിയ റൂട്ടുകളിൽ മൂന്ന് വർഷത്തേക്ക് വിദ്യാർത്ഥി കൺസഷൻ അനുവദിക്കേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ബൈറൂട്ടുകളിൽ ചെയിൻ സർവീസ് ആരംഭിച്ചതോടെ ഓർഡിനറി സർവീസുകൾ നിറുത്തലാക്കുകയും ചെയ്തു. സമയത്ത് വിദ്യാലയങ്ങളിലെത്തണമെങ്കിൽ ഈ ബസുകളിൽ ഫുൾ ടിക്കറ്റെടുത്ത് യാത്ര ചെയ്യണം. ഈ സമയത്ത് സ്വകാര്യ ബസുകളും കുറവാണ്. കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കൊട്ടിയത്ത് ആയൂർ, ഓയൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ദിവസവും 30 രൂപ വരെ ബസ് ചാർജ് നൽകിയാണ് പഠിയ്ക്കാനെത്തുന്നത്.
കോളേജിലും സ്കൂളുകളിലും വിദ്യാർത്ഥികൾ പതിവായി വൈകിയെത്തുന്ന കാരണം അധികൃതർ അന്വേഷിച്ചപ്പോഴാണ് കെ.എസ്.ആർ.ടി.സിയുടെ ക്രൂരമുഖം പുറത്തായത്. വിദ്യാലയ അധികൃതർ കെ.എസ്.ആർ.ടി.സി അധികൃതരെ ബന്ധപ്പെട്ടെങ്കിലും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലർത്തുകയായിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷാ ദിവസം പോലും സമയത്തിന് എത്താൻ കഴിയുന്നില്ലെന്ന് കാട്ടി വിദ്യാർത്ഥികൾ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.