വെയിലത്തും മഴയത്തും പെരുവഴിയിൽ നിൽക്കേണ്ട ഗതികേടിൽ യാത്രക്കാർ
കുന്നത്തൂർ: കുന്നത്തൂർ താലൂക്കിന്റെ സിരാ കേന്ദ്രമായ ഭരണിക്കാവ് ടൗണിൽ മഴയും വെയിലുമേൽക്കാതെ കയറി നിൽക്കാനും ഇരിക്കാനും ഇടമില്ലാതെ യാത്രക്കാർ ദുരിതത്തിൽ. കൊല്ലം - തേനി, ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയപാതകളും കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി, ചവറ ഭാഗങ്ങളിലേക്കുള്ള റോഡുകളും സംഗമിക്കുന്ന ടൗണിൽ ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ ആവശ്യങ്ങൾക്കായെത്തുന്നത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളടക്കം നിരവധി സർവീസുകൾ ഇതുവഴിയുണ്ട്. ദീർഘദൂര സർവീസുകളും നിരവധിയാണ്. അതുകൊണ്ടുതന്നെ രാപ്പകൽ വ്യത്യാസമില്ലാതെ ടൗണിൽ യാത്രക്കാരുടെ തിരക്കാണ്.
വെയിലത്തും മഴയത്തും ഒരുപോലെ പെരുവഴിയിൽ നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ആകെയുള്ള ആശ്രയം ഒഴിഞ്ഞ കടത്തിണ്ണകളാണ്. ഫുട്പാത്ത് കുറവായതിനാൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ റോഡിലേക്ക് കയറി നിൽക്കുന്നത് അപകട ഭീഷണിയാകുന്നുണ്ട്. താലൂക്കിലെ അപ്രധാന പ്രദേശങ്ങളിൽപ്പോലും കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുമ്പോൾ ഭരണിക്കാവിനെ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാണ്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
അനധികൃത വാഹന പാർക്കിംഗ്
നാല് ഭാഗങ്ങളിലേക്കുമുള്ള ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർ നിൽക്കുന്നിടത്തെ പ്രധാന പ്രശ്നം അനധികൃത വാഹന പാർക്കിംഗാണ്. ഇതിനാൽ ബസുകൾ സ്റ്റോപ്പിൽ നിറുത്തുമ്പോൾ പലപ്പോഴും യാത്രക്കാർക്ക് ഇറങ്ങാനും കയറാനും കഴിയാറില്ല. ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗാണ് ഇവിടെ കൂടുതൽ. ഇരുചക്രവാഹനങ്ങളുടേതുൾപ്പടെയുള്ള അനധികൃത വാഹന പാർക്കിംഗ് തടഞ്ഞു കൊണ്ട് പൊലീസ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും അത് അനുസരിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. സ്വകാര്യ, ട്രാൻ. ബസുകൾ ടൗണിൽ ദീർഘനേരം നിറുത്തിയിടുന്നതും പതിവാണ്.
ഭരണിക്കാവ് ബസ് സ്റ്റാൻഡ്
ഭരണിക്കാവ് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമാണെങ്കിലും ബസുകളൊന്നും ഇവിടേക്ക് കയറാറില്ല. സ്റ്റാൻഡിൽ കാത്തിരുപ്പ് കേന്ദ്രമടക്കമുള്ള സൗകര്യങ്ങളുണ്ടെങ്കിലും അത് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. അധികൃതർ ശക്തമായ നടപടി സ്വീകരിച്ചാൽ സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കി ടൗണിലെ നിൽപ്പു ദുരിതത്തിനും ഗതാഗതകുരുക്കിനും പരിഹാരം കാണാമെന്ന് യാത്രക്കാർ പറയുന്നു. ടൗണിൽ ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.