കുന്നത്തൂർ: പരിശോധനകളിൽ മായം കണ്ടെത്തിയ ഭക്ഷ്യ വസ്തുക്കളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറോട് വിവരാകാശ കമ്മിഷൻ നിർദ്ദേശിച്ചു. സുരക്ഷിതമല്ലാത്തത്, നിലവാരമില്ലാത്തത്,തെറ്റായി ബ്രാൻഡ് ചെയ്തതായി കണ്ടെത്തിയിട്ടുള്ള ഭക്ഷ്യ വസ്തുക്കളുടെ വിവരങ്ങൾ, സർക്കാർ ലാബുകളിൽ പരിശോധന നടത്തിയിട്ടുള്ള ഭക്ഷ്യ വസ്തുക്കളുടെ പേരും,ഇവയുടെ ബ്രാൻഡും ഉൾപ്പെടെയുള്ളവ പ്രസിദ്ധപ്പെടുത്തണം.
അനലിറ്റിക്കൽ ലാബുകൾ പരിശോധന നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ പേരുവിവരവും ബ്രാൻഡുകളും വെളിപ്പെടുത്താറില്ല.ഈ പശ്ചാത്തലത്തിലാണ് മുഖ്യ വിവരാകാശ കമ്മിഷണറുടെ ഉത്തരവ്. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തിയതായി കണ്ടെത്തുമ്പോൾ അവ പൊതു സമൂഹം യഥാസമയങ്ങളിൽ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ്.
മായം കലർന്ന ഭക്ഷ്യസാധനങ്ങൾ നിരോധിക്കുന്നതു സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അതിൽ ബന്ധപ്പെട്ട ഭക്ഷ്യവസ്തുവിന്റെ ബ്രാൻഡും നിർമ്മാതാവിന്റെ വിവരങ്ങളും മറ്റും വ്യക്തമായി ഉൾക്കൊള്ളിക്കേണ്ടതാണെന്നും കമ്മിഷൻ വിലയിരുത്തി.വിവരാകാശ നിയമ പ്രകാരം തിരുവനന്തപുരം ആസ്ഥാനമായുള്ള അസോസിയേഷൻ ഫോർ ലീഗൽ അസിസ്റ്റന്റ് ആൻഡ് റിസർച്ച് എന്ന സംഘടനയുടെ സെക്രട്ടറി അഡ്വ.അനൂപ് രാജേന്ദ്രൻ,ഭക്ഷ്യ സുരക്ഷാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.തുടർന്ന് ഇദ്ദേഹം മുഖ്യ വിവരാകാശ കമ്മിഷണർക്ക് അപ്പീൽ നൽകി. ഇതേതുടർന്നാണ് അനുകൂല ഉത്തരവുണ്ടായത്.