janodayam
തട്ടാമല ജ്ഞാനോദയം വായനശാലയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം. ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള, ഡി.സുകേശൻ, അബ്ദുൽ റഷീദ് തുടങ്ങിയവർ വേദിയിൽ

 പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

കൊല്ലം: തട്ടാമല പ്രദേശത്തിന് 80 വർഷമായി അക്ഷരവെളിച്ചമേകുന്ന ജ്ഞാനോദയം വായനശാല വളർച്ചയുടെ പുതിയ പടവുകൾ കയറുന്നു. വായനശാലയിൽ പുതുതായി നിർമ്മിച്ച റീഡിംഗ് റൂം, ഓപ്പൺ സ്റ്റേജ് എന്നിവയടങ്ങുന്ന കെട്ടിട സമുച്ചയം പ്രവർത്തനം തുടങ്ങി.

തട്ടാമലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വായനശാല കൂടുതൽ പ്രവർത്തന മികവോടെ മുന്നേറാനുള്ള ഒരുക്കത്തിലാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കാൻ വിവിധ പരിപാടികളാണ് ലക്ഷ്യമിടുന്നത്. പുതുതലമുറയുടെ സർഗ്ഗശക്തിയും കാഴ്ചപ്പാടും മെച്ചപ്പെടുത്താൻ മൂവി ഒഫ് ദി മന്ത്, കൂടാതെ ബാല, യുവജന, വയോജന വേദികൾക്കും രൂപം നൽകിയിട്ടുണ്ട്.

പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വിജയദശമി ദിനത്തിൽ വായനശാലാങ്കണത്തിൽ എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ശെന്തിൽരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി ഡി. സുകേശൻ, ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. പ്രിയദർശൻ, കൗൺസിലർമാരായ എസ്. സുജ, സഹൃദയൻ, കേരളകൗമുദി ബ്യൂറോ ചീഫ് സി. വിമൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ്, ബൈജു, ജയശ്രീ ഗോപാലകൃഷ്ണൻ, ബിനോയ് മല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. വായനശാല സെക്രട്ടറി ആർ. ജയകുമാർ സ്വാഗതവും എസ്. പ്രീതിഷ് നന്ദിയും പറഞ്ഞു.

രാവിലെ വിദ്യാരംഭ ചടങ്ങിൽ സി. ദിലീപ് കുമാർ, പവിത്രൻ, ബൈജു എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.