sunilkumar
സുനിൽകുമാ‌ർ

 നാല്പതു ദിവസം മുമ്പ് വീട്ടുവളപ്പിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു

 പൊലീസിനെ വഴിതെറ്റിക്കാൻ നിരന്തരം സ്റ്റേഷനിലെത്തി അമ്മയെ കണ്ടെത്തിയോ എന്ന് ആരാഞ്ഞു

കൊല്ലം: സ്വത്ത് തർക്കത്തിനിടെ മകൻ അമ്മയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടി. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗർ 68 പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മയാണ് (84) കൊല്ലപ്പെട്ടത്. മകൻ സുനിൽകുമാറിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.നാല്പതു ദിവസം മുമ്പ് കുഴിച്ചിട്ട മൃതദേഹം പൊലീസ് ഇന്നലെ പുറത്തെടുത്തു.

മൃതദേഹം കുഴിച്ചിടാൻ സുഹൃത്തായ ഓട്ടോ ഡ്രൈവർ സഹായിച്ചെന്ന് മൊഴി. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. 2015ൽ ഹോളോബ്രിക്സ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയാണ് സുനിൽകുമാർ.

സെപ്തംബർ മൂന്നിന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അമ്മയുമായി വഴക്കിട്ട മകൻ കൊല്ലം അപ്സര ജംഗ്ഷനിലുള്ള മൂന്നു സെന്റ് സ്ഥലം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. സ്ഥലം കിട്ടിയില്ലെങ്കിൽ രണ്ടു ലക്ഷം രൂപ വേണമെന്നായി. വഴങ്ങാതിരുന്ന അമ്മയെ തലയ്ക്കടിച്ചു വീഴുത്തുകയായിരുന്നു. ബോധരഹിതയായി വീണതോടെ സുനിൽകുമാർ വീട് അടച്ച് പുറത്തുപോയി. രാത്രി പത്ത് മണിയോടെ മടങ്ങിയെത്തിയപ്പോഴും അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്തിനെ വിളിച്ചുവരുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് സുനിൽകുമാറിന്റെ കുറ്റസമ്മതം.
ഇന്നലെ സുനിൽകുമാറുമായി പൊലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീടിന് പിന്നിൽ മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാടകം പൊലീസ് പൊളിച്ചു
സുനിൽകുമാറിനൊപ്പം കഴിഞ്ഞിരുന്ന സാവിത്രി അമ്മയെ ഹരിപ്പാട് താമസിക്കുന്ന മകൾ ലാലി ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതിനെതുടർന്ന് സെപ്തംബർ 7ന് സ്ഥലത്തെത്തി അയൽവാസികളോട് അന്വേഷിച്ചു. ബന്ധുവീടുകളിൽ തിരക്കിയിട്ടും കണ്ടെത്താനാകാതെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസിനും കണ്ടെത്താനായില്ല. സാവിത്രി അമ്മ പോകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞ പാലയിലെ ഒരു മഠത്തിലും ഓച്ചിറയിലും പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലസുനിൽകുമാർ ഇടയ്ക്കിടെ സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കുക പതിവായിരുന്നു. താൻ ബന്ധുവീടുകളിൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസിനെ ധരിപ്പിച്ചു. പക്ഷെ, സുനിൽകുമാർ ഒരു ബന്ധുവീട്ടിലും അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് പൊലീസ് മനസ്സിലാക്കയതോടെ സുനിൽ കുമാർ സംശയ നിഴലിലായി. സാവിത്രി അമ്മയെ കാണാതായ ദിവസം വീട്ടിൽ ബഹളവും നിലവിളിയും കേട്ടതായും സുനിൽ കുമാർ മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുക പതിവാണെന്നും അയൽവാസികൾ മൊഴി നൽകിയതോടെ പൊലീസ് വെള്ളിയാഴ്ച സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു.
ആദ്യം പലതരത്തിൽ ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിച്ചു. ഒടുവിൽ ശനിയാഴ്ച കുറ്റം ഏറ്റുപറഞ്ഞു.

2015 ഡിസംബർ 27ന് അയത്തിൽ പാർവത്യാർ ജംഗ്ഷനിലെ ഹോളോബ്രികിസ് കമ്പനിയിലെ നിർമ്മാണ തൊഴിലാളിയായ കാവുമ്പള കുന്നിൽ വീട്ടിൽ സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുനിൽകുമാർ. ഇന്ന് കോടതിയിൽ ഹാജരാക്കും. സുനിൽകുമാറിനെ കൂടാതെ സാബു, ലാലി, അനി എന്നിവർ സാവിത്രി അമ്മയുടെ മക്കളാണ്.

ഭാര്യയെ കാണാനില്ലെന്ന

പരാതിയുമായി സ്റ്റേഷനിൽ
സാവിത്രി അമ്മ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സുനിൽകുമാർ ഭാര്യ രജനിയെ കാണാനില്ലെന്ന പരാതിയുമായി ഈസ്റ്റ് സ്റ്റേഷനിൽ എത്തിയിരുന്നു. മുളങ്കാടകത്ത് വീട്ടുജോലിക്ക് നിന്നിരുന്ന രജനിയെ പൊലീസ് വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിട്ടു. അയൽവാസികൾ വല്ലവിവരവും പൊലിസിന് നൽകിയിട്ടുണ്ടോയെന്ന് അറിയാനാണ് നേരത്തെ പിണങ്ങിപ്പോയ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയതെന്ന് കരുതുന്നു.