കൊല്ലം: കേരളത്തിന്റെ തണ്ണീർ തടങ്ങളിൽ മുഖ്യസ്ഥാനമുള്ള അഷ്‌ടമുടികായൽ ഒഴുകുന്നത് മരണമുഖത്തേക്ക്. കേരളത്തിൽ വലിപ്പംകൊണ്ട് വേമ്പനാട്ട് കായലിന് പിന്നിൽ രണ്ടാം സ്ഥാനത്താണെങ്കിലും ആഴംകൊണ്ട് ഒന്നാമതാണ്.
അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുമായി 2002ൽ ഈ കായൽ റാംസർ സൈറ്റിൽ ഇടംപിടിക്കുകയും ചെയ്തു. പക്ഷേ, മനുഷ്യരിൽ നിന്ന് ഏറ്റുവാങ്ങുന്നത് കൊടും വിനാശമാണ്.
തെളിനീരിന്റെ പറുദീസയാകേണ്ട തടാകത്തിൽ പശ്ചിമഘട്ട മലനിരകളിൽ നിന്നൊഴുകി എത്തുന്നത് ശെന്തുരണി, കുളത്തൂപ്പുഴ, കളത്തുരുത്തി നദികളും അവയെ വഹിച്ചെത്തുന്ന കല്ലടയാറുമാണ്. നീണ്ടകര അഴിമുഖത്ത് അറബിക്കടലിനോട് ഇഴുകിച്ചേരും.
പക്ഷേ, ഈ തടാകത്തെ മലിനമാക്കുന്നതിൽ മത്സരിക്കുകയാണ് മനുഷ്യൻ. നഗരത്തിലെ മനുഷ്യ വിസർജ്യങ്ങൾ ശേഖരിച്ച് കുരീപ്പുഴയിൽ നിന്ന് അഷ്‌ടമുടിയിലേക്ക് ഒഴുക്കി മാലിന്യ നിക്ഷേപത്തിന് ആദ്യം ചാല് തെളിച്ചത് അധികൃതരാണ്. പിന്നാലെ തീരത്തെ വീടുകളിലെ കക്കൂസ് കുഴലുകളും കായലിലേക്ക് നീട്ടിവച്ചു. ആശുപത്രി മാലിന്യങ്ങളുടെ ഓവ് ചാലുകൾ അവസാനിക്കുന്നതും അഷ്‌ടമുടിയിലാണ്. ചവറ കെ.എം.എം.എല്ലിലെ മിനറൽ സെപറേഷൻ പ്ലാന്റിൽ നിന്നുള്ള രാസവസ്തുക്കളും ആസിഡുകളും അടങ്ങുന്ന മാലിന്യങ്ങളും എത്തുന്നതും മറ്റെങ്ങുമല്ല. പ്രസിഡന്റ്സ് ട്രോഫി വള്ളം കളി നടന്നിരുന്ന ആശ്രാമം ലിങ്ക് റോഡ് ഭാഗത്തെ കായലിൽ മാലിന്യങ്ങളുടെ ദ്വീപുകൾ രൂപപ്പെട്ടത് ഇതിന്റെ ഭീകരത വിളിച്ചോതുന്നു. വിനോദ സഞ്ചാരത്തിന്റെ മറവിൽ ഹൗസ് ബോട്ടുകളും മാലിന്യങ്ങൾ യഥേഷ്ടം തള്ളുകയാണ്.
8 മുടികൾ
തേവള്ളിക്കായൽ
കണ്ടച്ചിറക്കായൽ
കുരീപ്പുഴക്കായൽ
തെക്കുംഭാഗം കായൽ
കല്ലടക്കായൽ
പെരുമൺ കായൽ
കുമ്പളത്തു കായൽ
കാഞ്ഞിരോട്ടു കായൽ
പകുതിയോളം നികത്തി
62>>>32
വേമ്പനാട്ട് കായൽ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കായലായ അഷ്ടമുടി 32 ചതുരശ്ര കിലോമീറ്ററിലും താഴേക്ക് ചുരുങ്ങി. 62 ചതുരശ്ര കിലോ മീറ്ററായിരുന്നു യഥാർത്ഥ വിസ്തൃതി.
പാറ കെട്ടിയും കോൺക്രീറ്റ് മതിലുകൾ പണിതും മണ്ണിട്ട് നികത്തിയാണ് കായൽ കയ്യേറ്റം. കയ്യേറ്റത്തിനെതിരെ 2000ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മീൻ,മീൻ...നല്ല കരിമീൻ
രുചിക്കു പേരുകേട്ട കരിമീന് പുറമേ കൂഴാലി, കണമ്പ്, പ്രാച്ചി, കക്ക, പൂല, ചൂട, താട, കൂരി, മുരിങ്ങ തുടങ്ങിയവയും ഓരോന്നായി ഇല്ലാതാവുകയാണ്.
കാൽ നൂറ്റാണ്ടിനിടെ പത്തിനം മത്സ്യങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമായി.ചെമ്മീനും കുറഞ്ഞു.
പറവകൾ പറന്നുപോയി
കണ്ടൽ കാടുകളിൽ 80 ശതമാനത്തിലേറെയും ഇല്ലാതായതോടെ ദേശാടനപക്ഷികളുടെ വരവും കുറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന സിസിജിയം ,ട്രാവൻകോറിക്കം തുടങ്ങിയ സസ്യങ്ങളുടെ ആവാസകേന്ദ്രം അഷ്‌ടമുടിയായിരുന്നു. ചതുപ്പ്, കണ്ടൽക്കാട് വിഭാഗങ്ങളിലെ 43 സസ്യ സ്‌പീഷീസുകൾ, 57 ഇനങ്ങളിലെ പക്ഷികൾ എന്നിവ മറഞ്ഞു. കായലിന്റെ പ്രത്യേകതയായിരുന്ന നെൽപായൽ കാണാതായി. തെൻമലയിൽ അണക്കെട്ട് ഉയർന്നതോടെ കല്ലടയാറിലൂടെയുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കുറഞ്ഞത് ആഘാതം വർധിപ്പിച്ചു.