c
സെൽഫി നോട്ടുബുക്കുകളുമായി മുട്ടറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

കൊട്ടാരക്കര: പഠന പ്രവർത്തനങ്ങളിൽ വേറിട്ട വഴികളിലൂടെ സ‌ഞ്ചരിച്ച് സെൽഫി നോട്ടുബുക്കുകളൊരുക്കി മുട്ടറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധേയമാകുന്നു. ഇവിടത്തെ വിദ്യാ‌ർത്ഥികൾ സ്വന്തം സെൽഫി തന്നെ മുഖചിത്രമാക്കി നോട്ടുബുക്കുകൾ നിർമ്മിച്ചാണ് അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഗ്രാഫിക് ഡിസൈൻ ആൻഡ് പ്രിന്റിംഗ് ടെക്ക്നോളജി വിദ്യാർത്ഥികളാണ് ഈ പുത്തൻ ആശയത്തിനു പിന്നിൽ. ബുക്കിന്റെ രൂപകല്പന മുതൽ അവസാനഘട്ടം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് ചെയ്തത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിൽ ഇത്തരം ആശയം ആദ്യമാണെന്ന് അദ്ധ്യാപകർ പറഞ്ഞു.

ജില്ലയിൽ പ്രിന്റിംഗ് ടെക്ക്നോളജി പഠന വിഷയമായുള്ള ഏക സ്കൂളാണിത്. സെൽഫി നോട്ടുബുക്കുകളുടെ പ്രകാശനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ. ഗോപൻ, പ്രിൻസിപ്പൽ രശ്മി നായർ, അദ്ധ്യാപകരായ മനു, അഖില, ഷിയാസ് എന്നിവർ സംസാരിച്ചു.