കൊല്ലം: പള്ളിമുക്കിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചന്തയിൽ മാലിന്യം കുന്നുകൂടി ചീഞ്ഞുനാറുന്നു. ചന്തയിൽ പ്രവർത്തനക്ഷമമായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തതിനാൽ ദുരിതമനുഭവിക്കേണ്ട ഗതികേടിലാണ് പള്ളിമുക്കുകാർ.
മൂക്ക് പൊത്താതെ ആർക്കും ചന്തയിലേക്ക് കടക്കാനാകാത്ത സ്ഥിതിയാണ്. ദിവസങ്ങൾ പഴക്കമുള്ള മത്സ്യാവശിഷ്ടങ്ങളിൽ ചവിട്ടിയേ നടന്നുനീങ്ങാനാകു. മത്സ്യക്കച്ചവടക്കാർ വിറ്റുപോകാത്ത മത്സ്യവും വിറ്റതിന്റെ അവിശിഷ്ടങ്ങളും ചന്തയിൽ തന്നെ ഉപേക്ഷിച്ചാണ് മടങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.
ബയോഗ്യാസ് പ്ളാന്റ് നോക്കുകുത്തി
മാലിന്യം സംസ്കരിക്കാൻ യാതൊരു സംവിധാനങ്ങളും നിലവിൽ പള്ളിമുക്ക് ചന്തയിലില്ല. കോമ്പൗണ്ടിനുള്ളിൽ തന്നെ ബയോ ഗ്യാസ് പ്ലാന്റുണ്ടെങ്കിലും വർഷങ്ങളായി നോക്കുകുത്തിയാണ്. സ്ഥാപിച്ചിട്ട് അഞ്ച് വർഷം പോലുമായിട്ടില്ലാത്ത പ്ളാന്റാണ് പ്രവർത്തനക്ഷമമല്ലാതെ സ്ഥിതി ചെയ്യുന്നത്. ബയോഗ്യാസ് പ്ലാന്റ് പ്രവർത്തന ക്ഷമമാക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുവെങ്കിലും നഗരസഭാ അധികൃതർ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന ആക്ഷേപമുണ്ട്.
ചന്തയ്ക്കുള്ളിലെ വർഷങ്ങൾ പഴക്കമുള്ള കിണറും ഇപ്പോൾ ഉപയോഗ ശൂന്യമായി. പണ്ട് സമീപവാസികൾ ഈ കിണറിൽ നിന്നാണ് കുടിവെള്ളം എടുത്തിരുന്നത്. കച്ചവടക്കാർ മാലിന്യം കിണറിനുള്ളിൽ നിക്ഷേപിക്കുന്നതായും നാട്ടുകാർ പറയുന്നു. ചന്തയ്ക്കുള്ളിലെ ശുചിമുറിയും കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
സന്ധ്യമയങ്ങിയാൽ കുറ്റാക്കുറ്റിരുട്ട്
ചന്തയിൽ കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും പ്രകാശിച്ചിട്ട് കാലങ്ങളായി. സന്ധ്യമയങ്ങുന്നതോടെ ചന്ത ഇരുട്ടിലാകും. അതുകൊണ്ട് തന്നെ സന്ധ്യമയങ്ങുമ്പോൾ മത്സ്യക്കച്ചവടക്കാർ ചന്തയ്ക്ക് പുറത്താണ് കച്ചവടം. ഇത് പള്ളിമുക്ക് - പണിക്കര് കുളം റോഡിൽ ഗതാഗത കുരുക്കും സൃഷ്ടിക്കുന്നുണ്ട്. സന്ധ്യയ്ക്ക് ശേഷം കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
'' അടുത്തിടെ ലക്ഷങ്ങൾ ചെലവഴിച്ച് ചന്ത നവീകരിച്ചതാണ്. കച്ചവടക്കാർ ചന്തയിലെ ശുചിത്വം നിലനിർത്തുന്നതിൽ ശ്രദ്ധിക്കണം. ബയോഗ്യാസ് പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിൽ പ്രായോഗികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ട്."
സഹൃദയൻ (നഗരസഭാ കൗൺസിലർ)