v
തോക്ക് ചൂണ്ടി മാല പൊട്ടിച്ച കേസിലെ മുഖ്യ പ്രതി സത്യദേവിനെ കൊല്ലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

കൊല്ലം ബീച്ചിലും വാടകവീട്ടിലും പ്രതിയെ കൊണ്ടുവന്നു

കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻ മുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിലെ മുഖ്യപ്രതി ഡൽഹി സ്വദേശി സത്യദേവിനെ (40) കൊല്ലം ബീച്ചിലെത്തിച്ച് തെളിവെടുത്തു.മോഷണത്തിന് കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയത് ബീച്ചിൽ വച്ചായിരുന്നു. എഴുകോൺ സി.ഐ ടി.എസ്.ശിവപ്രകാശിന്റെ നേതൃത്വൽ സായുധ പൊലീസുമായാണ് തെളിവെടുപ്പിനെത്തിയത്.

സെപ്‌തംബർ 24ന് ഡൽഹിയിൽ നിന്ന് കാറിൽ കേരളത്തിലേക്ക് തിരിച്ച സംഘം 27ന് വൈകിട്ട് കൊല്ലം ബീച്ചിലെത്തിയിരുന്നു. സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശിയുമൊത്ത് ബീച്ചിലിരുന്നാണ് പ്രാഥമിക ഗൂഢാലോചന നടത്തിയത്. തുടർന്ന് സമീപത്തെ വാടക വീട്ടിൽ താമസിച്ചു. പ്രതിയെ വാടക വീട്ടിലെത്തിച്ചും തെളിവുകൾ ശേഖരിച്ചു. വീടിന്റെ ഉടമസ്ഥനും മറ്റ് വാടകക്കാരും സത്യദേവിനെ തിരിച്ചറിഞ്ഞു. കൊട്ടാരക്കര റൂറൽ പൊലീസ് പരിധിയിൽ മോഷണം നടന്ന കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി എന്നിവിടങ്ങളിലെത്തിച്ച്

നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 17ന് സത്യദേവിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. കൊല്ലത്തെ മോഷണങ്ങളുമായി ബന്ധപ്പെട്ട് അതിനുശേഷം സിറ്റി പൊലീസ് സത്യദേവിനെ സാങ്കേതികമായി അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയിൽ ആവശ്യപ്പെടും.

സെപ്റ്റംബർ 28ന് രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുൻപിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് സത്യദേവ് അടങ്ങുന്ന നാലംഗ സംഘം വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുത്തത്.രണ്ട് കൊലപാതകം ഉൾപ്പെടെ നൂറിനടുത്ത് കേസുകളിലെ പ്രതിയായ സത്യദേവിനെ എഴുകോൺ എസ്.ഐ ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹി പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് അറസ്റ്റ് ചെയ്‌തത്. രണ്ടര ലക്ഷം രൂപ വില വരുന്ന തോക്ക്, മോഷണത്തിനായി കേരളത്തിലേക്ക് വന്ന സ്കോർപിയോ കാർ, ഒരു ലക്ഷം രൂപയുടെ കറൻസി എന്നിവ സത്യദേവിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

 പൊലീസ് സംഘം ഡൽഹിയിൽ തുടരുന്നു

കേസിലെ മറ്റ് പ്രതികളെ പിടികൂടുന്നതിനായി കേരള പൊലീസിന്റെ സംഘം ഡൽഹിയിൽ തുടരുകയാണ്. ചോദ്യം ചെയ്യലിൽ സത്യദേവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഡൽഹിയിലെ അന്വേഷണം പുരോഗമിക്കുന്നത്.