road
കേരള കൗമുദിയുടെയും ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന റോഡ് സുരക്ഷാ സെമിനാർ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. ജി. ഗോപിനാഥ്, ഡോ. വി.കെ. ജയകുമാർ, അനീഷ് കെ. അയിലറ, അഡ്വ. ജി. സുരേന്ദ്രൻ, കെ. യശോധരൻ, പി.ടി. കുഞ്ഞുമോൻ, സി.എൽ. സുധീർ, ലീനാ അലക്സ്, ഡോ. കെ.വി. തോമസ് കുട്ടി, പി. അരവിന്ദൻ തുടങ്ങിയവർ സമീപം

അഞ്ചൽ: നിയമലംഘനത്തിനെതിരെ കുറേക്കൂടി ജാഗ്രത കാട്ടാൻ മാദ്ധ്യമങ്ങൾ തയ്യാറാകണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കേരള കൗമുദിയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെയും ആഭിമുഖ്യത്തിൽ അഞ്ചൽ ലയൺസ് ക്ലബ് ഹാളിൽ നടന്ന റോഡ് സുരക്ഷാ സെമിനാറിനോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണ്. സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. കേരള കൗമുദി പോലുള്ള മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നത് പ്രശംസനീയമാണ്. റോഡ് നിയമങ്ങൾ കർശനമായി പാലിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ പൊലീസ് ഐ.ജി. എസ്. ഗോപിനാഥ് സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം പറ‌ഞ്ഞു. ശരാശരി പതിനൊന്നു പേരാണ് ഒരു ദിവസം സംസ്ഥാനത്ത് റോഡപകടങ്ങൾ മൂലം മരണപ്പെടുന്നത്. വേണ്ട സമയത്ത് ചികിത്സ കിട്ടാത്തതു മൂലമാണ് മരണങ്ങൾ കൂടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് സുരക്ഷയിൽ ഓരോ പൗരനും ബാദ്ധ്യതയുണ്ടെന്ന് പ്രഥമശുശ്രൂഷാ ക്ലാസ് നയിച്ച ശബരിഗിരി ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.കെ. ജയകുമാർ പറഞ്ഞു. അപകടത്തിൽപ്പെടുന്നവരെ പ്രഥമശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്രയും പെട്ടെന്ന് എത്തിച്ചാൽ ജീവൻ രക്ഷപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ലയൺസ് സോൺ ചെയർമാൻ അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീർ, മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ എം. ഷെരീഫ് എന്നിവർ റോഡ് സുരക്ഷാ ക്ലാസുകൾ നയിച്ചു. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, രചനാ ഗ്രാനൈറ്റ്സ് എം.ഡി കെ. യശോധരൻ, റോയൽസ് ഗ്രൂപ്പ് എം.ഡി പി.ടി. കുഞ്ഞുമോൻ, ലയൺസ് റീജിയൻ ചെയർമാൻ സി. ജേക്കബ്, സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലീനാ അലക്സ്, ലയൺസ് റീജിയൻ കോ ഓർഡിനേറ്റേർ ജി. സുഗതൻ, ലയൺസ് ക്ലബ് പ്രസിഡന്റുമാരായ അഡ്വ. എസ്.എം. ഖലീൽ, എം.ബി. തോമസ്, എൽ.ആർ. ജയരാജ്, ജെ. അജിത് കുമാർ, സി. സജികുമാർ, അഞ്ചൽ ലയൺസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ സി. പിള്ള, ഡോ. ഷേർളി ശങ്കർ, എക്സ് സർവീസ് ലീഗ് അഞ്ചൽ മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, കെ.എസ്. ജയറാം, ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ജി. രാജീവ്, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എൻ. ശ്രീകുമാർ, സോണി മാത്യൂ എന്നിവർ സംസാരിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ സ്വാഗതവും കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.