പത്തനാപുരം:ഗുരു ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സമുദായത്തെ തകർക്കാൻ ചിലർ ശ്രമിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണാൻ മടിക്കുന്നവരാണിതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആര് ഭരിച്ചാലും അടിസ്ഥാന വർഗത്തിന് പ്രയോജനം ലഭിക്കുന്നില്ല.വോട്ട് ബാങ്കുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്.എക്കാലവും ഈഴവസമുദായവും പിന്നാക്കവിഭാഗങ്ങളും അവഗണനയാണ് നേരിടുന്നത്.അടിസ്ഥാന വർഗത്തിന്റെ ആവശ്യങ്ങൾക്ക് കാതോർക്കാൻ ആരുമില്ല.അവകാശങ്ങൾക്ക് വേണ്ടിയാണ് എസ്. എൻ. ഡി. പി യോഗം ശബ്ദിക്കുന്നത്. രാഷ്ട്രീയ അഭിപ്രായം പറയുന്നതും സാമൂഹ്യ നീതിക്ക് വേണ്ടിയാണ്. ന്യൂനപക്ഷങ്ങൾ സംഘടിത വോട്ട് ബാങ്കായി മാറിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് കേരള രാഷ്ട്രീയം അടിപ്പെട്ടു.എസ്. എൻ. ഡി. പി യോഗത്തിന് രാഷ്ട്രീയമില്ല. ലഭ്യമായ സംവരണം പോലും ഇല്ലാതാകുന്ന സ്ഥിതിയാണ്. ജാതി വിവേചനമാണ് ജാതി ചിന്ത വളർത്തുന്നത്. പ്രതികരണശേഷി തെളിയിക്കാൻ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ആവിഷ്കരിച്ച വെബ്സൈറ്റ്,ഗുരുസാന്ത്വനം സൗജന്യ ഇൻഷ്വറൻസ്,ചികിത്സാ ധനസഹായ വിതരണം,മെരിറ്റ് അവാർഡ് എന്നിവയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ,പുനലൂർ യൂണിയൻ പ്രസിഡന്റ് ടി. കെ സുന്ദരേശൻ,സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ ബോർഡംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ,എം.എം രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ ബി. കരുണാകരൻ, ജി.ആനന്ദൻ, വി.ജെ ഹരിലാൽ, പി.ലെജു, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്.ശശിപ്രഭ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എൻ.പി ഗണേഷ് കുമാർ, എൻ.ഡി മധു, എസ്. ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുലതാ പ്രകാശ്, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറിയും സൈബർസേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി ബി.ബിജു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ ശശീന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.