വാരിയെല്ലിന് കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
കൊല്ലം: പള്ളിമുക്കിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വലത് വാരിയെല്ലിന് കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വടക്കേവിള പാട്ടത്തിൽക്കാവ് ക്ഷേത്രത്തിന് സമീപം ന്യൂ ഐശ്വര്യ നഗർ 149 ബിയിൽ ശക്തിവേലി (30) നാണ് കുത്തേറ്റത്. ഇയാളോടൊപ്പമുണ്ടായിരുന്ന വിപിൻ എന്ന യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിമുക്ക് നടയിലഴികം തൈക്കാവിന് സമീപം ഇക്ബാൽ നഗർ 172ൽ അക്ബർ ഷായെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെ ദേശീയ പാതയിൽ കൊല്ലം ബസ് സ്റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ശക്തിവേലും സുഹൃത്തുക്കളായ വിപിൻ, ശരത് എന്നിവരും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ഇവിടെയുണ്ടായിരുന്ന അക്ബർഷായും സുഹൃത്ത് പള്ളിമുക്ക് സ്വദേശി നിബിനുമായി ഇവർ വാക്കുതർക്കമാകുകയും ശക്തിവേലിനെ പ്രതികളിലൊരാൾ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. തടസം പിടിക്കാൻ ശ്രമിച്ച വിപിനെ മർദ്ദിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു.
കുത്തേറ്റ ശക്തിവേൽ ഇറങ്ങിയോടി നൂറ് മീറ്റർ അകലെ റോഡിന് എതിർവശത്തുള്ള ഒരു കടയുടെ മുന്നിൽ ചെന്ന് വീണു. രക്തം വാർന്ന നിലയിൽ പൊലീസെത്തിയാണ് പാലത്തറയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഹോട്ടലിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ഇന്നലെ രാവിലെയോടെ ഇരവിപുരം സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്ബർഷായെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. മറ്രൊരു പ്രതിയായ നിബിനായി പൊലീസ് ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിവരികയാണ്.
ഇപ്പോൾ അറസ്റ്റിലായ അക്ബർഷാ പള്ളിമുക്കിൽ സംഘം ചേർന്ന് യുവാവിനെ മർദ്ദിച്ച കേസിലും പ്രതിയാണ്. ഈ കേസിൽ രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.