ചാത്തന്നൂർ: ജീവിത സായന്തനത്തിൽ ആശ്രയമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വൃദ്ധന് സാന്ത്വനവുമായി ഒരുകൂട്ടം യുവാക്കൾ. ചാത്തന്നൂർ മീനാട് ലൈബ്രറിക്ക് സമീപത്ത് കഴിഞ്ഞ രണ്ട് ദിവസമായി അന്തിയുറങ്ങിയിരുന്ന പാറശാല സ്വദേശിയായ രവീന്ദ്രനെ ചാത്തന്നൂരിലെ ഒരുപറ്റം യുവാക്കളുടെ നേതൃത്വത്തിൽ പുനലൂർ ഗാന്ധിഭവനിൽ എത്തിച്ചു.
80 വയസോളം പ്രായമുള്ള രവീന്ദ്രൻ അവിവാഹിതനാണ്. ആരോഗ്യമുള്ള കാലത്തോളം കൂലിവേല ചെയ്തിരുന്നെന്നും ആരോഗ്യം ക്ഷയിച്ചപ്പോൾ ഉള്ള ബന്ധുക്കൾ കൂടി ഉപേക്ഷിച്ചപ്പോഴാണ് വർഷങ്ങൾക്കു മുമ്പ് വീട് വിട്ടിറങ്ങിയതെന്നും രവീന്ദ്രൻ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ദിനേശ് കുമാർ, കരുണ ആംബുലൻസ് ഉടമ അഭിലാഷ്, രാജീവ്, പ്രമോദ് കാരംകോട്, ഹൈനസ് ഇക്ബാൽ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് രവീന്ദ്രനെ ഗാന്ധിഭവനിൽ എത്തിച്ചത്.