gang
GANG

 സംഘർഷങ്ങളും ആക്രമണങ്ങളും പതിവാകുന്നു

കൊല്ലം: പള്ളിമുക്കും പരിസര പ്രദേശങ്ങളും സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ വിഹാര കേന്ദ്രമായി മാറുന്നു. പള്ളിമുക്കിൽ തമ്പടിക്കുന്ന ഗുണ്ടാസംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്നവരെ ആക്രമിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.

രണ്ട് മാസം മുമ്പ് പള്ളിമുക്ക് ജംഗ്ഷനിൽ ഗുണ്ടാസംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് പള്ളിമുക്കിലെ ഹോട്ടലിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ഇതേ സംഘത്തിൽ ഉൾപ്പെട്ടവർ തന്നെ കുത്തിപ്പരിക്കേൽപ്പിച്ചു. ഒരുമാസം മുമ്പ് പള്ളിമുക്ക് എൻ.എൻ.സി ജംഗ്ഷനിൽ രാത്രി പത്ത് മണിയോടെ വഴിയാത്രക്കാരനെ ആക്രമിച്ച് പണം കവർന്നു. രണ്ടാഴ്ച മുമ്പ് സന്ധ്യയോടെ പുളിമൂട്ടിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം നടന്നു. ഇത്തരത്തിൽ പൊതുജനങ്ങളുടെ സ്വൈരവിഹാരം കെടുത്ത അനിഷ്ടസംഭവങ്ങൾ പള്ളിമുക്കിലും പരിസരപ്രദേശങ്ങളിലും ദിനംപ്രതി വർദ്ധിക്കുകയാണ്.

സ്റ്റേഷനിൽ പരാതി ലഭിക്കാത്ത സംഭവങ്ങളും ഏറെയാണ്. പരാതി നൽകുന്നവർ തന്നെ അക്രമികളെ ഭയന്ന് പരാതി പിൻവലിക്കുന്നതും പതിവാണ്. കേസിൽപ്പെട്ട് പൊലീസ് പിടിയിലാകുന്നവർ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണ്.

 മംഗൽ പാണ്ഡെയുടെ വിഹാര കേന്ദ്രം

പള്ളിമുക്ക് ജംഗ്ഷനും ഉൾപ്രദേശങ്ങളുമാണ് അടുത്തിടെ പിടിയിലായ കുപ്രസിദ്ധ ഗുണ്ട മംഗൽ പാണ്ഡെയുടെയും സുഹൃത്ത് വാവാച്ചി റിയാസിന്റെയും പ്രധാന വിഹാര കേന്ദ്രം. തിരുവോണ നാളിൽ മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ച് പണം കവർന്നത് പള്ളിമുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു.

 18നും 25നും ഇടയിൽ പ്രായമുള്ളവർ

പള്ളിമുക്കിലും പരിസര പ്രദേശങ്ങളിലും അടുത്തിടെ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളിൽ ഭൂരിഭാഗവും 18നും 25നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം തന്നെ കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങളുടെ അടിമകളാണ്. കുപ്രസിദ്ധ ക്രിമിനലുകളെപ്പോലെ പേരെടുക്കാൻ അക്രമിസംഘങ്ങൾക്കൊപ്പം ചേർന്നവരുമുണ്ട്.

 രാത്രി ഉറക്കമില്ല

പള്ളിമുക്കിനെ പോലെ തന്നെ ഇവിടെ കേന്ദ്രീകരിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളും രാത്രി ഉറങ്ങാറില്ല. പള്ളിമുക്കിലെ ഇടറോഡുകളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് ഇവർ പ്രധാനമായും തമ്പടിക്കുന്നത്. ചില കേന്ദ്രങ്ങളിൽ കുറഞ്ഞത് 30 പേരെങ്കിലും ഉണ്ടാകും. ഇത്തരം സംഘങ്ങളെ ഭയന്ന് പള്ളിമുക്കിലെ ചില ഇടറോഡുകളിൽ സന്ധ്യയ്ക്ക് ശേഷം സ്ത്രീകളും കുട്ടികളും യാത്ര ഒഴിവാക്കിയിരിക്കുകയാണ്.

'' അക്രമിസംഘങ്ങളെ അമർച്ച ചെയ്യാൻ ശക്തമായ ഇടപെടൽ ഉടനുണ്ടാകും. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കും.''

അജിത്ത് കുമാർ (ഇരവിപുരം സി.ഐ)