കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കരുനാഗപ്പള്ളി സി.പി. ആശാൻ ഗ്രന്ഥശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചങ്ങൻകുളങ്ങര, ഐക്യകേരള ഗ്രന്ഥശാല രണ്ടാം സ്ഥാനത്തെത്തി. കൂടുതൽ വിജയം നേടിയ കുട്ടികളെ പങ്കെടുപ്പിച്ച കരുനാഗപ്പള്ളി മുനിസിപ്പൽ നേതൃസമിതി ഒന്നാം സ്ഥാനവും ഓച്ചിറ പഞ്ചായത്ത് നേതൃസമിതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 12 ഗ്രാമ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ബാലോത്സവങ്ങളിൽ വ്യക്തിഗത ഇനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ഗ്രൂപ്പിനത്തിൽ ഒന്നാം സ്ഥാനവും നേടിയ 400 ഓളം പ്രതിഭകളാണ് താലൂക്ക് സർഗോത്സവത്തിൽ പങ്കെടുത്തത്. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള, താലൂക്ക് സെക്രട്ടറി വി. വിജയകുമാർ, താലൂക്ക് വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, പി. ജഗനാഥൻ, ജി. രവീന്ദ്രൻ, എ. പ്രദീപ്, എം. സുരേഷ് കുമാർ, എ. സജീവ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്ലാവേലിൽ എസ്. രാമകൃഷ്ണപിള്ള നിർവഹിച്ചു. ചടങ്ങിൽ മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.