c
കരുനാഗപ്പള്ളി താലൂക്ക് വികസന സമിതി നോക്കു കുത്തിയാകുന്നു

കരുനാഗപ്പള്ളി: താലൂക്കുതല ഉദ്യോഗസ്ഥ മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തി ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച താലൂക്ക് വികസന സമിതി കരുനാഗപ്പള്ളിയിൽ നോക്കുകുത്തിയാകുന്നു. താലൂക്ക് തല ഉദ്യോഗസ്ഥ മേധാവികളും ജനപ്രതിനിധികളും സമിതി യോഗത്തിൽ കൃത്യമായി പങ്കെടുക്കാറില്ല. ഇതാണ് സമിതിയുടെ പ്രവർത്തനത്തെ പിന്നോട്ടടിക്കുന്നതെന്ന ആരോപണം ശക്തമാണ്. അതുകൊണ്ടുതന്നെ സമിതി യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങൾ പേപ്പറുകളിൽ മാത്രമായി ഒതുങ്ങുകയാണ്. സമിതി യോഗത്തിന്റെ ശ്രദ്ധയിൽ അംഗങ്ങൾ കൊണ്ട് വരുന്ന ഒട്ടുമിക്ക ജനകീയ പ്രശ്നങ്ങൾക്കും ഫലപ്രദമായി പരിഹാരം കാണാൻ കഴിയുന്നില്ലെന്നാണ് അറിയുന്നത്. തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതിനാൽ പല ജനപ്രതിനിധികളും അംഗങ്ങളും ഇപ്പോൾ യോഗത്തിൽ വരാറേയില്ല. തീരുമാനങ്ങൾ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തി പിരിയുന്ന തലത്തിലേക്ക് വികസന സമിതി യോഗം മാറുകയാണ്.

താലൂക്ക് വികസന സമിതി

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയാണ് വികസന സമിതി യോഗം ചേരുന്നത്. 2 എം.എൽ.എമാർ, 2 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, 5 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, 11 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എന്നീ ജനപ്രതിനിധികളും താലൂക്കുതല ഉദ്യോഗസ്ഥ പ്രമുഖരും നിയമസഭയിൽ പ്രാധിനിത്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഉൾക്കൊള്ളുന്നതാണ് താലൂക്ക് വികസന സമിതി.

ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും കൃത്യമായും സമിതി യോഗത്തിൽ പങ്കെടുത്ത് താലൂക്ക് വികസന സമിതിയുടെ പ്രവർത്തനം കുറ്റമറ്റതാക്കണം

നാട്ടുകാർ

പതിവുകളെല്ലാം തെറ്റി

താലൂക്കിലെ പ്രധാന ജനകീയ പ്രശ്നങ്ങളെ സമിതിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവിയുടെയും ശ്രദ്ധയിൽപ്പെടുത്തി ഇതിന് പരിഹാരം കാണാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതിയാണ് നിലനിൽക്കുന്നത്. മാസത്തിലെ ആദ്യസമിതി യോഗം കൂടുമ്പോൾ മുൻ മാസത്തെ തീരുമാനങ്ങൾ ഏതെല്ലാം നടപ്പാക്കിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമിതി യോഗത്തിൽ വിശദീകരിക്കുന്നത് മുമ്പ് പതിവായിരുന്നു. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥ മേധാവികൾ വികസന സമിതി യോഗത്തിൽ മിക്കപ്പോഴും പങ്കെടുക്കാറേയില്ലെന്നാണ് ആക്ഷേപം.