കരുനാഗപ്പള്ളി: ബന്ധുക്കളില്ലാതെ പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിൽ രോഗബാധിതനായിക്കഴിഞ്ഞിരുന്ന വയോധികനെ സായീശം സംഘടന ഏറ്റെടുത്തു. കോട്ടയം സ്വദേശിയായ പുരുഷോത്തമനെയാണ് (68) സായീശം പ്രവർത്തകർ ഏറ്റെടുത്തത്. രോഗബാധിതനായി ആരും നോക്കാനില്ലാതെ പുരുഷോത്തമൻ കഴിഞ്ഞ 6 മാസമായി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി ഓച്ചിറ ക്ഷേത്ര പടനിലത്തും, മറ്റ് പല ക്ഷേത്രങ്ങളിലുമായി കഴിഞ്ഞു വന്നിരുന്ന പുരുഷോത്തമൻ ആറു മാസം മുമ്പാണ് രോഗബാധിതനായി ആശുപത്രിയിലെത്തിയത്. അവിവാഹിതനായ പുരുഷോത്തമന് ആകെയുണ്ടായിരുന്ന സഹോദരിയും നേരത്തേ തന്നെ മരണപ്പെട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്ക് സായീശം പ്രവർത്തകർ പ്രഭാത ഭക്ഷണം നൽകും. അനാഥനായി കഴിയുന്ന പുരുഷോത്തമന്റെ സ്ഥിതി സായീശം പ്രവർകർ ആശുപത്രി സൂപ്രണ്ടിൽ നിന്നുമാണ് മനസിലാക്കിയത്. തുടർന്ന് സത്യസായി ഓർഫനേജ് ട്രസ്റ്റ് ഡയറക്ടർ കെ .എൻ. ആനന്ദകുമാറിനെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പുരുഷോത്തമനെ ഏറ്റെടുത്ത് ആറ്റിങ്ങലിലെ സായീശം വൃദ്ധസദനത്തിലേക്ക് കൊണ്ട് പോകുകയും ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ. നഹാസ്, നഴ്സിംഗ് സൂപ്രണ്ട് ഗിരിജ, സായി ട്രസ്റ്റ് പ്രവർത്തകരായ വി .ജി. അനിൽകുമാർ, നജിമുദ്ദീൻ, ശ്രീരാജ്, ശ്രീകാന്ത്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.