കരുനാഗപ്പള്ളി : നെൽക്കൃഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കോട്ടയ്ക്കുപുറം രണ്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ ഹരിത ജെ.എൽ.ജി ഗ്രൂപ്പാണ് കൃഷി നടത്തിയത്. തരിശ്ശായിക്കിടന്ന 5 ഏക്കർ സ്ഥലത്താണ് നൂറുമേനി വിളയിച്ച് കുടുംബശ്രീ പ്രവർത്തകർ മാതൃകയായത്. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സീമാചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സുലഭാ രാമദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ലതികാ ബാബു, കൃഷി ഓഫീസർ വി.ആർ. ബിനേഷ്, ഗ്രാമ പഞ്ചായത്ത് മുൻ അംഗം എല്ലയ്യത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുലശേഖരപുരം രണ്ടാം വാർഡ് മെമ്പറും സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കി വരുന്ന വിജ്ഞാന വ്യാപന പദ്ധതിയിലെ ലീഡ് ഫാർമറുമായ സീമാ ചന്ദ്രന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. പുഴുങ്ങി കുത്തിയ അരി തവിടോടു കൂടി ഓണാട്ടുകര റൈസ് എന്ന ബ്രാൻഡിൽ പൊതു വിപണിയിൽ വില്പന നടത്താനാണ് ഉദേശിക്കുന്നതെന്ന് കൃഷി ഓഫീസർ പറഞ്ഞു.