നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. വിഷ്‌ണു സുനിൽ പന്തളം മാർച്ച് ഉദ്ഘാടനം ചെയ്‌തു. നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല, തെരുവുനായ്‌ക്കളുടെ എണ്ണവും ആക്രമണവും പെരുകുന്നു, നഗരവും തണ്ണീർതടങ്ങളും മാലിന്യ കേന്ദ്രങ്ങളാകുന്നു തുടങ്ങിയ വിഷയങ്ങളും പ്രവർത്തകർ മാർച്ചിൽ ഉന്നയിച്ചു. ജനങ്ങളെ ബാധിക്കുന്ന ഇത്തരം അടിയന്തര പ്രധാന്യമുള്ള വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്. യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ഷാ സലിം അദ്ധ്യക്ഷനായിരുന്നു. സാജു ഖാൻ, ഒ.ബി. രാജേഷ്, അൻവർ ചാണിക്കൽ, ബിനോയ് ഷാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.