c
പെട്രോൾ പമ്പുകൾക്ക് എൻ.ഒ.സി നൽകുന്നതിൽ അഴിമതിയെന്ന്

കൊല്ലം: പുതിയ പെട്രോൾ പമ്പുകൾക്ക് എൻ.ഒ.സി നൽകുന്നതിൽ അഴിമതിയും ക്രമക്കേടും നടക്കുന്നതായി ദ ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നിയമങ്ങൾ അട്ടിമറിക്കാനും പമ്പുകൾ സ്ഥാപിക്കാൻ നിയമസാധുതയില്ലാത്ത സ്ഥലങ്ങൾ നിയമ വിധേയമാക്കാനും ഏജന്റുമാർ വഴി വൻ സാമ്പത്തിക അഴിമതി നടത്തുകയാണ്. വൻ അഴിമതിയും ക്രമക്കേടും നടത്തി ദേശീയപാതാ നിയമങ്ങൾപോലും അട്ടിമറിച്ച് എൻ.ഒ.സി കരസ്ഥമാക്കി പ്രവർത്തിക്കുന്ന പമ്പുകളും നിലവിലുണ്ട്. പെട്രോൾ പമ്പ് സ്ഥാപിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ നിലനിൽക്കെ ഉദ്യോഗസ്ഥർ ക്രമക്കേട് നിസാരവത്കരിച്ച് ഏത് വിധേനയും എൻ.ഒ.സി കൊടുക്കാനും കോടതികളിൽ നിന്ന് നിയമപരിരക്ഷ നേടാനുള്ള വഴികൾ ഒരുക്കി കൊടുക്കുന്നതായും അവർ ആരോപിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മൈതാനം വിജയൻ, ജനറൽ സെക്രട്ടറി വൈ.അഷ്റഫ്, ജോയിന്റ് സെക്രട്ടറി കെ.വർഗീസ്, മുരളീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.