c
മന്ത്രി മേഴ്സിക്കുട്ടി അമ്മ

കൊല്ലം: കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികൾക്കും 10 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിൽ ദിനങ്ങൾ പരിഗണിക്കാതെ പെൻഷൻ നൽകണമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗ്യാങ്ങ് വാറിന് അയച്ച കത്തിൽ കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യത്തിൽ പരിഹാരം തേടുമെന്ന് മന്ത്രി അറിയിച്ചു.
മിനിമം പെൻഷൻ 3000 ആക്കണമെന്നും കമ്മ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് മുഴുവൻ പെൻഷനും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ 10 വർഷം കൊണ്ട് 3468 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കശുവണ്ടി തൊഴിലാളികൾക്ക് മാത്രമേ പെൻഷൻ ലഭിക്കുകയുള്ളു. 3468 തൊഴിൽ ദിനങ്ങൾ ഉണ്ടാകണമെങ്കിൽ പ്രതിവർഷം 346 ദിവസമെങ്കിലും തൊഴിലാളികൾ ജോലി നോക്കേണ്ടതുണ്ട്. എന്നാൽ സീസണൽ വ്യവസായമായതിനാൽ പ്രതിവർഷം പരമാവധി 100 മുതൽ 150 ദിനങ്ങൾ മാത്രമേ കശുവണ്ടി മേഖലയിൽ സ്വകാര്യ ഫാക്ടറികൾ പ്രവർത്തിക്കുന്നുള്ളൂ.
പൊതുമേഖലാ ഉടമസ്ഥതയിലുള്ള കാപക്‌സിന്റെയും കാഷ്യു കോർപ്പറേഷന്റെയും 40 ഫാക്ടറികളിൽ 200 ലേറെ ദിവസം തൊഴിൽ നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തി വരുന്നത്.
രണ്ട് ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ പ്രവർത്തിക്കുന്ന മേഖലയാണ് കശുവണ്ടി വ്യവസായം.
26 വർഷം കശുഅണ്ടി തൊഴിലാളിയായി ജോലി ചെയ്തിട്ടും 3468 ദിവസം തികയാത്തതിനാൽ ഇ.പി.എഫ് പെൻഷൻ നിരാകരിച്ച ആനന്ദവല്ലിയുടെ കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ വ്യക്തമാക്കി. ഇവർക്ക് ഒൻമ്പതര വർഷത്തെ എലിജിബിളിറ്റി സർവീസ് മാത്രമേയുള്ളു എന്നാണ് ഇ.പി.എഫ് ഓർഗനൈസേഷൻ മറുപടി നൽകിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ആയിരക്കണക്കിന് തൊഴിലാളികളുടെ പെൻഷൻ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്താതെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന അദാലത്തുകളുടെ ഉദ്ദേശ്യശുദ്ധി തൊഴിലാളികൾ തിരിച്ചറിയുമെന്ന് മന്ത്രി പ്രത്യാശിച്ചു.