കരുനാഗപ്പള്ളി : മഹാത്മാ ഗാന്ധിയുടെ സന്ദേശവും ഓർമ്മകളും നിലനിറുത്തേണ്ടത് മാനവരാശിയുടെ രക്ഷയ്ക്കും രാജ്യത്തിന്റെ കെട്ടുറപ്പിനും അത്യാവശ്യമാണെന്ന് ആർ. രാമചന്ദ്രൻ എം. എൽ. എ പറഞ്ഞു. ഗാന്ധിസ്മരണയ്ക്കായി കരുനാഗപ്പള്ളിയിൽ ആരംഭിച്ച സബർമതി ഗ്രന്ഥശാലയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ഘാതകർ രാഷ്ട്രപിതാവിന്റെ ഓർമ്മകളെപ്പോലും ഭയപ്പെടുന്നു. ഗാന്ധിയൻ ദർശനങ്ങൾ ലോകജനത ഏറ്റെടുക്കുമ്പോൾ ഭാരതത്തിൽ ഗാന്ധിനിന്ദ ഏറിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫി വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു വിജയൻ, പരിസ്ഥിതി പ്രവർത്തകൻ കെ.സി. ശ്രീകുമാർ, ഗ്രന്ഥശാലാ സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, ഗാന്ധിദർശൻ കോ ഓർഡിനേറ്റർ സുധീർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ മുനീർ അറക്കൽ, വിഷ്ണു വിജയൻ, ഡോൾഫിൻ രതീഷ്, ടി.ആർ. തങ്കമ്മ, ശരത്, അമൽ, ചോയ്സ് സുധീർ, കെ.സി. ശ്രീകുമാർ, മുഹമ്മദ് ഉനൈസ്, ഗൗരി സുനിൽ എന്നിവരെ ആദരിച്ചു.