c
ക്ഷീര സംഘങ്ങളിൽ പാലിന് കൊള്ളവില

 ലിറ്ററിന് രണ്ട് രൂപവരെ അധികം ഈടാക്കുന്നു

കൊല്ലം: സർക്കാർ വില കൂട്ടിയതിന്റെ മറവിൽ ജില്ലയിലെ ഒരു വിഭാഗം ക്ഷീര സംഘങ്ങൾ പാലിന് അമിത വില ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. ഒരു ലിറ്റർ പാലിന് രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്.

കഴിഞ്ഞ മാസം 19 മുതലാണ് സംസ്ഥാനത്ത് ഒരു ലിറ്റർ പാലിന് 4 രൂപയുടെ വർദ്ധന നിലവിൽ വന്നത്. നേരത്തേ ക്ഷീര സംഘങ്ങളെല്ലാം ഉപഭോക്താക്കളിൽ നിന്ന് 44 രൂപയാണ് വാങ്ങിയിരുന്നത്. വില കൂട്ടിയശേഷം 48 രൂപ വാങ്ങേണ്ടിടത്ത് 50 രൂപ വരെ ഈടാക്കുകയാണ്. പാലിലെ വെള്ളത്തിന്റെ അളവിനൊപ്പം കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു ലിറ്റർ പാലിന് 33.63 രൂപ മുതൽ 53.18 രൂപ വരെയാണ് ക്ഷീര വികസന വകുപ്പ് നിശ്ചയിച്ചിട്ടുള്ള വില. ഗുണനിലവാരം പരിശോധിച്ച് ഇതേ നിരക്കിലാണ് സംഘങ്ങൾ കർഷകർക്ക് നൽകുന്നത്. എന്നാൽ വിൽക്കുന്ന കാര്യത്തിൽ ഈ നിലവാര മാനദണ്ഡം പാലിക്കുന്നില്ല. 33.63 രൂപയ്ക്ക് വാങ്ങുന്ന ഗുണനിലവാരം കുറഞ്ഞ പാലിനും 50 രൂപ വരെ ഈടാക്കുകയാണ്.

 അളവിലും തട്ടിപ്പ്

ക്ഷീര സംഘങ്ങൾ കർഷകരിൽ നിന്ന് പാൽ തൂക്കിയും വാങ്ങുന്നുണ്ട്. മിൽമയ്ക്ക് നൽകുന്നതും തൂക്കിയാണ്. എന്നാൽ നാട്ടിലെ ആവശ്യക്കാർക്ക് അളന്നാണ് നൽകുന്നത്. ഇങ്ങനെ ഒരു ലിറ്റർ പാൽ അളന്ന് വാങ്ങുമ്പോൾ 75 എം.എൽവരെ നഷ്ടം സംഭവിക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു.

'' ക്ഷീരസംഘത്തിന്റെ കൊള്ളയടിയുടെ ഇരയാണ് ഞൻ. ലിറ്ററിന് രണ്ട് രൂപ വീതം അധികമായി വാങ്ങുന്നു. ഇത് ഒരു സംഘത്തിലെ മാത്രം സ്ഥിതിയല്ല. ഇതിനെതിരെ ക്ഷീര വികസന വകുപ്പ്, അളവ് തൂക്ക വകുപ്പ് തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. കോടതിയെയും സമീപിക്കും.''

പ്രസന്നകുമാർ,

കിഴക്കെ കല്ലട

'' പാലിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ അറിയാത്തവരാണ് വിലയുമായി ബന്ധപ്പെട്ട് പരാതി ഉയർത്തുന്നത്. ക്ഷീര സംഘങ്ങളിലെ പാലിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ആർക്കും പരാതി ഉണ്ടാകില്ല. ചില ഫാമുകൾ 60 രൂപ വരെ ഒരു ലിറ്റർ പാലിന് വാങ്ങുന്നുണ്ട്.

ശശി ശരവണ

(ഉപ്പൂട് ക്ഷീര സഹ. സംഘം പ്രസിഡന്റ്)

 പാലിന്റെ നിലവാരമനുസരിച്ചുള്ള വില

ലാക്ടോ മീറ്റർ റീഡിംഗ് കുറഞ്ഞ വില പരമാവധി വില

കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെ നിലവാരം ബ്രായ്ക്കറ്റിൽ

23 40.52 (6, 7.5) 47.12 (8, 7.9)

24 37.21(4.8, 7.5) 47.67(8, 8.1)

25 33.63 (3.5, 7.5) 48.50(8, 8.4)

26 34.18(3.5, 7.7) 49.05(8, 8.6)

27 35.01(3.5, 8) 49.88(8, 8.9)

28 33.91 (3, 8.1) 50.43(8-9.1)