വ്യാപകനാശം, വിളക്കുവെട്ടത്ത് തെങ്ങ് വീണ് വീട് തകർന്നു, 10 ലക്ഷം രൂപയുടെ നാശനഷ്ടം
പുനലൂർ: ഞായറാഴ്ച പെയ്ത കനത്ത മഴയിൽ പുനലൂർ നഗരസഭാ പ്രദേശങ്ങളിൽ 33ഓളം വീടുകളിൽ വെള്ളം കയറുകയും വൃക്ഷങ്ങൾ ഒടിഞ്ഞു വീണ് വ്യാപകനാശം സംഭവിക്കുകയും ചെയ്തു. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് റവന്യൂ സംഘം അറിയിച്ചത്. രണ്ട് വീടുകൾക്ക് പൂർണമായി നാശം സംഭവിക്കുകയും നാല് മതിലുകൾ തകർന്ന് വീഴുകയും ചെയ്തു. രണ്ട് കിണറുകൾ നശിച്ചു. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ പെയ്ത കനകത്ത മഴയിലാണ് വ്യാപക നാശമുണ്ടായത്. വിളക്കുവെട്ടം സ്നേഹപുരം കർമ്മേൽ വീട്ടിൽ ബാബു, പുനലൂർ, ചെമ്മന്തൂർ സ്വദേശികളായ രവി, ഐഷാബീവി, രവീന്ദ്രൻ, സതി, ജോൺമാത്യൂ, റംല, കറുപ്പൻ, സൂസമ്മ, തോമസ് കുട്ടി, സുലേഖ, മുഹദ് റാഫി, ഹബീബ് തുടങ്ങിയ 33 ഓളം താമസക്കാരുടെ വീടുകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. നരിക്കൽ റോഡിന് സമീപത്ത് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചിരുന്ന വ്യാപാരിയായ ബഷീറിന്റെ ഗോഡൗണിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. വിളക്കുവെട്ടം സ്വദേശിയായ ബാബുവിന്റെ വീടിന് മുകളിൽ കൂറ്റൻ തെങ്ങ് ഒടിഞ്ഞു വീണ് ഓട് മേഞ്ഞ വീടിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ചെമ്മന്തൂരിലെ പ്ലാത്തറ മുകേഷ് ഭവനിൽ മുരളീധരന്റേത് ഉൾപ്പടെയുള്ള നാല് വീടുകൾക്ക് സമീപത്തെ മതിലുകൾ ഇടിഞ്ഞു വീണു. ഇത് ജെ.സി.ബി ഉപയോഗിച്ച് നീക്കുകയാണ്.
പത്ത് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം
തഹസിൽദാർ നിർമ്മൽകുമാർ
റോഡ് വെള്ളത്തിൽ മുങ്ങി, ഒരു
മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
ഞായറാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്ന് ദേശീയ പാതയിലെ ചെമ്മന്തൂരിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പുനലൂർ നരിക്കൽ റോഡും വെള്ളത്തിൽ മുങ്ങി. വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞു വീണ് കാർ തകർന്നു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. വീടുകൾ ഇന്നലെ മുതൽ ശുചീകരിക്കാൻ തുടങ്ങി. പുനലൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, പുനലൂർ തഹസിൽദാർ ജി. നിർമ്മൽ കുമാർ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളം കയറിയ വീടുകളും സ്ഥലങ്ങളും സന്ദർശിച്ചു.