mulavana
ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് യൂണിയന്റെ ബാലോത്സവത്തിൽ സീനിയർ വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടിയ കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിക്കുള്ള ട്രോഫി പ്രസിഡന്റ് എ. അബുബേക്കർ കുഞ്ഞിന് ചലച്ചിത്ര നിർമ്മാതാവ് അനിൽ അമ്പലക്കര നൽകുന്നു

കൊല്ലം: ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലോത്സവം സമാപിച്ചു. മുണ്ടയ്ക്കൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ലൈബ്രറിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന ബാലോത്സവത്തിൽ സീനിയർ വിഭാഗത്തിൽ തൃക്കോവിൽവട്ടം പഞ്ചായത്ത് നേതൃസമിതിയും ജൂനിയർ വിഭാഗത്തിൽ പൂതക്കുളം പഞ്ചായത്ത് നേതൃസമിതിയും ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. ഗ്രന്ഥശാലാതലത്തിൽ സീനിയർ വിഭാഗത്തിൽ കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയും ജൂനിയർ വിഭാഗത്തിൽ കേരളപുരം എസ്.ആർ.സി ലൈബ്രറിയും കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്തി.

സമാപനസമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ആർ. രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. മത്സരവിജയികൾക്ക് ചലച്ചിത്ര നിർമ്മാതാവ് അനിൽ അമ്പലക്കര സമ്മാനദാനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ, സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ. അബൂബേക്കർ കുഞ്ഞ്, സ്വാഗതസംഘം കൺവീനർ എം.എച്ച്. നിസാമുദ്ദീൻ, ലൈബ്രറി ജോയിന്റ് സെക്രട്ടറി എ. ഷാജി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. സോമരാജൻ, ഡേവിഡ് സാമുവൽ, മൈക്കിൾ രാജു എന്നിവർ സംസാരിച്ചു.