കൊല്ലം: തെരുവ് നായകളെ വന്ധ്യംകരിക്കാൻ ഒഴിഞ്ഞ പ്രദേശങ്ങളിൽ താത്കാലിക ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. നഗരസഭാ കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതോടെ തെരുവ് നായ്ക്കളെ ഓരോ പ്രദേശത്തുമെത്തി വന്ധ്യംകരിച്ച ശേഷം അതത് സ്ഥലങ്ങളിൽ തന്നെ വിടാൻ കഴിയും. നിലവിൽ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവരുന്ന നായ്ക്കളെ വന്ധീകരിച്ച ശേഷം ആശ്രാമം മൈതാനത്തും പരിസര ഭാഗങ്ങളിലും ഉപേക്ഷിക്കുന്നതായി കൗൺസിൽ യോഗത്തിൽ ഉയർന്ന പരാതിക്ക് മറുപടിയായാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.
കുരീപ്പുഴയിലെ അനധികൃത കൈയേറ്റങ്ങൾ പൊളിക്കും
ആറുമാസത്തിനുള്ളിൽ നഗരത്തിലെ തകർന്ന റോഡുകളെല്ലാം നന്നാക്കും. പൊതുമാർക്കറ്റുകൾ ഫിഷറീസിന്റെയും കോർപ്പറേഷന്റെയും സഹായത്തോടെ നവീകരിക്കും. ഇതിനായി എം.പിയുടെ സഹായവും തേടും. കുരീപ്പുഴയിലെ അനധികൃത കായൽ കൈയേറ്റങ്ങൾ ഉടനടി പൊളിച്ചുമാറ്റുമെന്നും മേയർ അറിയിച്ചു.
ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ. ഹഫീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താർ, പി.ജെ. രാജേന്ദ്രൻ, എസ്. ഗീതാകുമാരി, വി.എസ്. പ്രിയദർശൻ, ടി.ആർ. സന്തോഷ്‌കുമാർ, ചിന്ത എൽ. സജിത്ത്, കൗൺസിലർമാരായ എൻ. മോഹനൻ, എൻ. സഹൃദയൻ, എസ്. പ്രസന്നൻ, ഗോപകുമാർ, മീനാകുമാരി, എസ്.ആർ. ബിന്ദു, ഹണി ബഞ്ചമിൻ, എസ്. ജയൻ, പ്രസന്നൻ, ജെ. സൈജു, എസ്. സതീഷ്, ബി. അജിത്കുമാർ, റീനാ സെബാസ്റ്റ്യൻ, എ. നിസാർ, തൂവനാട്ട് വി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.