കൊല്ലം: മൺറോതുരുത്തിൽ വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കാൻ ഭരണാനുമതി ലഭിച്ച 3 കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തിൽ. പദ്ധതി നടപ്പാക്കേണ്ട ജലസേചന വകുപ്പിന്റെ നിലപാടാണ് തടസമെന്ന് ടൂറിസം വകുപ്പും അതല്ല, ടൂറിസം വകുപ്പിന്റെ നിലപാടാണ് തടസമെന്ന് ജലസേചന വകുപ്പും തമ്മിലുള്ള തർക്കത്തിൽ ഉടക്കിയാണ് പദ്ധതി അനിശ്ചിതമായി നീളുന്നതെന്നാണ് സൂചന.
2017ൽ ഭരണാനുമതി ലഭിച്ചെങ്കിലും ജലസേചന വകുപ്പ് ചീഫ് എൻജിനിയറുടെ സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പദ്ധതി നടപ്പാക്കാൻ കഴിയുന്നില്ലെന്നാണ് ടൂറിസം വകുപ്പിന്റെ നിലപാട്. എന്നാൽ ഭൂമി താഴുന്ന പ്രതിഭാസമുള്ള മൺറോതുരുത്തിൽ ഇത്രയും വലിയ പദ്ധതി നടപ്പാക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് ടൂറിസം വകുപ്പിന്റേത്. ഇക്കാര്യം കഴിഞ്ഞ ജില്ലാവികസന സമിതി യോഗത്തിലും അവർ അറിയച്ചതായി സ്ഥലം എം.എൽ.എ കോവൂർ കുഞ്ഞുമോൻ പറഞ്ഞു. സ്ഥലം ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലായതിനാൽ പദ്ധതി നടപ്പാക്കേണ്ടത് അവരാണ്.
ലക്ഷ്യമിട്ട വികസന പദ്ധതികൾ ഇവ
# കണ്ണങ്കാട് പാലത്തിന് സമീപം ഹൗസ്ബോട്ട് സമുച്ചയം
# മണക്കടവിൽ മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലത്ത് വാച്ച് ടവർ
# കാരൂത്രക്കടവിൽ ടൂറിസം കോംപ്ളക്സ്
# ഇൻഫർമേഷൻ സെന്റർ, എ.ടി.എം, ഡോർമിറ്ററി
# ടോയ്ലറ്റ് സമുച്ചയം
# എസ് വളവിൽ നിലവിലുള്ള വാക്ക് വേ ഒരു കിലോമീറ്റർ കൂടി നീട്ടി നീറ്റൻ തുരുത്തിലെത്തിക്കുക
ഇന്ന് ടൂറിസം മന്ത്രിയെ കാണും
പദ്ധതിയെസംബന്ധിച്ച് വ്യക്തത വരുത്താൻ ഇന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് ചർച്ച നടത്തും. ടൂറിസം വകുപ്പിന്റെ നിലപാടാണ് പദ്ധതിക്ക് തടസം. പദ്ധതി നടപ്പായാൽ മൺറോതുരുത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെത്തും. അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ