v
പി.എസ്.സി പരീക്ഷാതട്ടിപ്പ്;

കൊല്ലം: കൊല്ലം കേന്ദ്രമാക്കി നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പ് പരമ്പരയുമായി ബന്ധപ്പെട്ട കേസുകളൊന്നിൽ ഇന്ന് വിചാരണ തുടങ്ങും. 2010 നവംബർ 27ന് ബിവറേജസ് കോർപ്പറേഷൻ എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ.
വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കി ഉള്ളിൽ കടന്ന ചിലർ പരീക്ഷാ മുറിക്ക് പുറത്ത് കാത്ത് നിന്നവർക്ക് ചോദ്യ പേപ്പർ കൈമാറി. ഈ ചോദ്യ പേപ്പറുകൾ ഉപയോഗിച്ച് നേരത്തെ ഇടപാട് ഉറപ്പിച്ചവർക്ക് മൊബൈൽ ഫോൺ വഴി ഉത്തരങ്ങൾ കൈമാറി എന്നാണ് കേസ്. ഉത്തരങ്ങൾ ലഭിക്കാൻ പണം നൽകിയവർ ഈയർ ഫോണും മൊബൈൽ ഫോണും ശരീരത്തിൽ ഒളിപ്പിച്ചാണ് പരീക്ഷാ ഹാളിൽ എത്തിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

ബിവറേജസ് കോർപ്പറേഷൻ എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് നടന്ന പരീക്ഷയ്ക്ക് ജില്ലയിൽ നിരവധി പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നെങ്കിലും കൊല്ലം നഗരത്തിലും പരിസരത്തും ഉള്ള് ആറ് സെന്ററുകളിലാണ് തട്ടിപ്പ് നടന്നത്.

കൊല്ലം ആശ്രാമം മൈതാനത്ത് കാറിലും മയ്യനാടുള്ള ഒരു വീടും കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ ഗൂഢാലോചന നടന്നത്. 15 പേരാണ് പ്രതികൾ. ഇതിൽ 10 പേർ പരീക്ഷ എഴുതിയവരാണ്. പി.എസ്.എസിക്ക് ലഭിച്ച ഊമക്കത്തിലൂടെയാണ് ഈ പരീക്ഷയ്ക്ക് പുറമെ പൊലീസ് എസ്.ഐ അടക്കമുള്ള പരീക്ഷകളിലും നടന്ന തട്ടിപ്പ് പുറത്തു വന്നത്. അന്ന് കൊല്ലം എ.സി.പിയായിരുന്ന കൃഷ്ണകുമാറാണ് കേസ് അന്വേഷിച്ചത്. പിന്നീട് വന്ന എ.സി.പി ലാൽജിയാണ് കുറ്റപത്രം സമർപ്പിച്ചത്. 3800 പേജുള്ളതാണ് കേസിന്റെ കുറ്റപത്രം. പി.എസ്.സി ഉദ്യോഗസ്ഥരടക്കം 83 സാക്ഷികളുണ്ട്. പ്രോസിക്യൂഷൻ 173 രേഖകളും 29 തൊണ്ടിമുതലും ഹാജരാക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രനാണ് ഹാജരാകുന്നത്.