കൊല്ലം: സ്വത്ത് തർക്കത്തിനിടെ മകൻ അമ്മയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കേസിലെ കൂട്ടുപത്രിയായ ഓട്ടോ ഡ്രൈവർ പിടിയിലായി. ചിന്നക്കട ഉഷാ തീയേറ്ററിനു സമീപത്തെ സ്റ്റാൻഡിലെ ഡ്രൈവർ പുള്ളിക്കട ശങ്കർ നഗർ പുഷ്പഭവനിൽ കുട്ടൻ (36) ആണ് പിടിയിലായത്.
കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗർ- 68, പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മയെ കൊലപ്പെടുത്തിയ മകൻ സുനിൽകുമാറിനെ മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
കുട്ടനെ തിരുനെൽവേലിയിൽ നിന്നാണ് സിറ്റി പൊലീസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സുനിൽകുമാറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സെപ്തംബർ 3 ന് വൈകിട്ട് നാലോടെയാണ് സംഭവം. സാവിത്രി അമ്മയുമായി വഴക്കിട്ട സുനിൽകുമാർ കൊല്ലം അപ്സര ജംഗ്ഷനിലുള്ള മൂന്നു സെന്റ് സ്ഥലം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. സ്ഥലം കിട്ടിയില്ലെങ്കിൽ രണ്ടു ലക്ഷം രൂപ വേണമെന്നായി. വഴങ്ങാതിരുന്ന അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിന് ശേഷം പുറത്ത് പോയ സുനിൽകുമാർ രാത്രി മടങ്ങിയെത്തിയപ്പോൾ സാവിത്രി അമ്മ നിലത്ത് ബോധരഹിതയായി കിടക്കുകയായിരുന്നു. മരിച്ചെന്ന് കരുതി രാത്രി പത്ത് മണിയോടെ സുഹൃത്തായ കുട്ടനെ വിളിച്ചുവരുത്തി വീടിന്റെ പുറക് വശത്ത് കുഴിച്ചിടുകയായിരുന്നു.
സാവിത്രി അമ്മയെ കാണാനില്ലെന്ന് കാട്ടി മകൾ ലാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. കൊലപാതകം നടന്ന് 40 ദിവസങ്ങൾക്ക് ശേഷം ഈ ഞായറാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്.