കൊല്ലം: സാവിത്രി അമ്മയെ മകൻ സുനിൽകുമാറും സുഹൃത്തും ചേർന്ന് കുഴിച്ചിട്ടത് ജീവനോടെയെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിൽ സാവിത്രിഅമ്മയുടെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയതാണ് ഈ സംശയം ഉയർത്തുന്നത്. സാവിത്രി അമ്മയുടെ നാല് വാരിയെല്ലുകൾ പൊട്ടിയതായും കണ്ടെത്തി.
മർദ്ദനമേറ്റ് ബോധരഹിതയായി കിടന്ന സാവിത്രി അമ്മയെ മരിച്ചെന്ന് കരുതി കുഴിച്ചിട്ടെന്നാണ് സംശയം. കുഴിക്കുള്ളിൽ കിടന്ന് ശ്വാസമെടുത്തപ്പോഴാണ് മണ്ണ് ഉള്ളിൽ കടന്നതെന്ന് കരുതുന്നു. അമ്മയുടെ മുഖത്തിന്റെ ഇരുവശത്തും അടിച്ചശേഷം കഴുത്തിന് പിടിച്ച് തല ഭിത്തിയിലേക്ക് പലതവണ ഇടിച്ചതായി സുനിൽകുമാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ശരീരത്തെങ്ങും മർദ്ദിച്ചിട്ടില്ലെന്നാണ് മൊഴി. പിന്നീട്, കുഴിയിൽ കിടത്തിയശേഷം ഇഷ്ടിക വാരി ശരീരത്തേക്കിട്ടു. ഇങ്ങനെ ഇഷ്ടിക വീണാകാം വാരിയെല്ല് ഒടിഞ്ഞതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണം സംഭവിച്ചതെങ്ങനെയെന്ന് വ്യക്തമാവുകയുള്ളുവെന്നും ഈസ്റ്റ് സി.ഐ പറഞ്ഞു.
കുട്ടൻ പലദിവസങ്ങളിലും സുനിൽകുമാറിന്റെ വീട്ടിലെ ഷെഡിലാണ് കിടക്കുന്നത്. സംഭവ ദിവസം മറ്റൊരിടത്തേക്ക് പോയ കുട്ടനെ സുനിൽകുമാർ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കുട്ടൻ വന്ന് പരിശോധിച്ചാണ് സാവിത്രിഅമ്മ മരിച്ചെന്ന് പറഞ്ഞത്. പിന്നീട് ഇരുവരും ചേർന്ന് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. കുറ്റകൃത്യം മറച്ചുവച്ചതിനും കൂട്ടുനിന്നതിനുമാണ് കുട്ടനെതിരെ കേസ്.