c
ചവറ അസംബ്ളി മണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് ധാരണ പ്രകാരം അധികാരക്കൈമാറ്റം

കരുനാഗപ്പള്ളി: ചവറ അസംബ്ളി മണ്ഡലത്തിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിൽ ഇടതു മുന്നണിയുടെ ധാരണ പ്രകാരമുള്ള അധികാരക്കൈമാറ്റം നടന്നു. തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റായിരുന്ന അനിൽ കുമാർ രാജിവച്ച ഒഴിവിൽ സി.പി.ഐലെ യേശുദാസൻ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ഓമനക്കുട്ടൻ കുറുപ്പിനെ 5 ന് എതിരെ 7 വോട്ടുകൾക്കാണ് യേശുദാസൻ പരാജയപ്പെടുത്തിയത്. ബി.ജെ.പി അംഗം വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു. രാജിവച്ച പ്രസിഡന്റ് അനിൽകുമാർ യേശുദാസന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സുശീല പിൻതാങ്ങി. ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വരണാധികാരിയായി. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ എൽ.ഡി.എഫ് മണ്ഡലം കൺവീനർ ഐ. ഷിഹാബ്, സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി പി.ബി. രാജു, സി.പി.എം ചവറ ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ടി.എ. തങ്ങൾ, ബി. മണിക്കുട്ടൻ, പി.എസ്. കുറുപ്പ് എന്നിവർ സംസാരിച്ചു. പന്മന ഗ്രാമ പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ അനിൽ പുത്തേഴം തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ വൈസ് പ്രസിഡന്റ് ജെ. അനിൽ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. അനിൽ പുത്തേഴത്തിന്റെ പേര് ജെ. അനിലാണ് നിർദ്ദേശിച്ചത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഓമനക്കുട്ടൻ പിൻതാങ്ങി. 10 ന് എതിരെ 13 വോട്ടുകൾക്കാണ് അനിൽ പുത്തേഴം വിജയിച്ചത്. എൽ.എ. തഹസിൽദാരായിരുന്നു വരണാധികാരി. തുടർന്നു നടന്ന അനുമോദന യോഗത്തിൽ എൽ.ഡി.എഫ് നേതാക്കളായ ആർ. മുരളി, ശശി വർണൻ, പന്മന രാജഗോപാൽ, സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. നീണ്ടകര ഗ്രാമ പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി. സുരേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ ഐ. ഷിഹാബ്, ടി. മനോഹരൻ, കെ. രാജീവൻ, രജിത്, എൽ. സുരേഷ് എന്നിവർ പ്രസംഗിച്ചു.