കരുനാഗപ്പള്ളി : തഴവ - തൊടിയൂർ വട്ടക്കായലിൽ നെൽക്കൃഷിക്കുള്ള സാഹചര്യമൊരുക്കണമെന്ന് കർഷക സംഘം കരുനാഗപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ഷീരകർഷകരെ സംരക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജനുവരി 8ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക, സഹകരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം ഐക്യകണ്ഠേന പാസാക്കി. കുലശേഖരപുരം യു.പി സ്കൂളിൽ (സി.ആർ. മധു നഗറിൽ) സംഘടിപ്പിച്ച സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി എൻ.എസ്. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. എം. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ബി. സജീവൻ, അനിത എന്നിവർ അനുശോചന പ്രമേയവും രാജീവൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനിരുദ്ധൻ സംഘടനാ റിപ്പോർട്ടും പി.കെ. ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡി. രാജൻ, വി. രാജൻ പിള്ള, പി.എസ്. സലിം, ബി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഘപ്പുര ജംഗ്ഷനിൽ (ജെ. ഗോപാലകൃഷ്ണപിള്ള നഗറിൽ) ചേർന്ന പൊതുസമ്മേളനം എം. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ബി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജയപ്രകാശ്, ആർ. മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു. ബി. സജീവൻ (പ്രസിഡന്റ്), ടി.എൻ. വിജയകൃഷ്ണൻ, അനിത (വൈസ് പ്രസിഡന്റ്), പി .കെ . ജയപ്രകാശ് (സെക്രട്ടറി), ടി. രാജീവ്, ജി. മോഹനകുമാർ (ജോയിന്റ് സെക്രട്ടറിമാർ), ഹസൻകുഞ്ഞ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.