busstop
ചാത്തന്നൂർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ

 സ്റ്റോപ്പിൽ നിറുത്താത്ത ബസിന് പുറകെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം

ചാത്തന്നൂർ: സ്വകാര്യ ബസുകൾ കാട്ടുന്ന അവഗണന മൂലം ചാത്തന്നൂർ മേഖലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ യാത്രാ ദുരിതത്തിൽ വലയുന്നു. ചാത്തന്നൂർ ജംഗ്ഷനിൽ സ്കൂൾ വിടുന്ന സമയങ്ങളിൽ ബസ് വരാതിരിക്കുക, വിദ്യാർത്ഥികൾ എത്തുന്ന സ്റ്റോപ്പ് ഒഴിവാക്കി ബസ് വഴിതിരിച്ച് വിടുക, സ്റ്റോപ്പിൽ നിന്ന് മാറ്റി നിറുത്തുക തുടങ്ങിയവയാണ് ബസ് ജീവനക്കാർ വിദ്യാർത്ഥികളെ ഒഴിവാക്കാൻ കാട്ടിക്കൂട്ടുന്ന പൊടിക്കൈകൾ.

ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, ചാത്തന്നൂർ ഗവ. ഐ.ടി.ഐ, മറ്റ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. സർവീസുകൾ കുറഞ്ഞ നെടുങ്ങോലം, പരവൂർ, പൊഴിക്കര, പൂതക്കുളം, പുത്തൻകുളം, കലയ്ക്കോട് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസുകൾ ഇത്തരത്തിൽ അയിത്തം കൽപ്പിക്കുന്നതിൽ ഏറെ ബുദ്ധിമുട്ടുകയാണ്.

 നിറുത്തില്ല, നിറുത്തിയാലും കയറ്റില്ല

സ്കൂളുകൾ വിടുന്ന സമയങ്ങളിൽ പരവൂരിൽ നിന്ന് കൊട്ടിയത്തേയ്ക്ക് പോകുന്ന ബസുകളും കൊട്ടിയത്തു നിന്ന് പരവൂരിലേക്ക് പോകുന്ന ബസുകളും ചാത്തന്നൂർ ജംഗ്ഷനിൽ വരാതെ തിരുമുക്ക് വഴി തിരിഞ്ഞ് പോകുകയാണെന്ന പരാതിയുണ്ട്. ചില ബസുകൾ ഈ സമയങ്ങളിൽ ചാത്തന്നൂരിൽ വരുന്നുണ്ടെങ്കിലും സ്റ്റോപ്പിൽ നിറുത്താനോ വിദ്യാർത്ഥികളെ കയറ്റാനോ ജീവനക്കാർ തയ്യാറാകില്ല. സ്റ്റോപ്പിൽ നിന്ന് നൂറ് മീറ്ററോളം അകലെ നിറുത്തി ആളെയിറക്കി പോകുകയാണ് പതിവ്. വിദ്യാർത്ഥികളുടെ ബസിന് പിറകെയുള്ള കൂട്ടയോട്ടം ചാത്തന്നൂർ ജംഗ്ഷനിലെ സ്ഥിരം കാഴ്ച്ചയാണ്.

 പെർമിറ്ര് ഇല്ലെന്ന് വാദം, പക്ഷേ..

പല ബസുകൾക്കും തിരുമുക്ക് വരെയേ പെർമിറ്റുള്ളുവെന്നാണ് ബസ് ഉടമകൾ പറയുന്നെങ്കിലും സ്കൂൾ വിടുന്ന സമയം ഒഴികെ എല്ലാ ബസുകളും ചാത്തന്നൂർ ജംഗ്ഷനിലെത്തി ആളെ കയറ്റുന്നുണ്ടെന്ന് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പറയുന്നു. ചാത്തന്നൂർ പ്രൈവറ്റ്‌ ബസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചെങ്കിലും കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ബസുകൾ മാത്രമാണ് സ്റ്റാൻഡിൽ പോകുന്നത്. പരവൂരിൽ നിന്ന് കൊട്ടിയം ഭാഗത്തേക്കും കൊട്ടിയത്ത് നിന്ന് പരവൂർ ഭാഗത്തേക്കും വരുന്ന ബസുകൾക്ക് സ്റ്റാൻഡ് വരെ സർവീസ് നീട്ടാൻ അധികൃതതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേമുണ്ട്.