നവംബർ അവസാനത്തോടെ ആദ്യ രണ്ട് പാലങ്ങൾ
കൊല്ലം: തിരക്കേറിയ റോഡുകളിൽ കാൽനടയാത്രികരുടെ യാത്ര സുഗമമാക്കാൻ നിർമ്മിക്കുന്ന നടപ്പാലങ്ങളിൽ രണ്ടെണ്ണം നവംബർ അവസാനത്തോടെ പൂർത്തിയാകും. നഗരത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങളായ ചെമ്മാംമുക്ക്, ഹൈസ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമ്മാണമാണ് പൂർത്തീകരണത്തിലേക്ക് നീങ്ങുന്നത്.
പ്രതിസന്ധികൾ മറികടന്ന്..
തുടർച്ചയായുണ്ടാകുന്ന മഴ പാലങ്ങളുടെ നിർമ്മാണത്തെ സാരമായി ബാധിച്ചിരുന്നു. കൂടാതെ ചെമ്മാംമുക്കിൽ നിർമ്മാണത്തിലിരിക്കുന്ന നടപ്പാതയുടെ തൂണുകളിലൊന്ന് പാരിഷ് ഹാളിന് സമീപത്തായി വരുന്നതിനാൽ നിർമ്മാണ സ്ഥലം അനുവദിച്ച് നൽകുന്നതിന് കാലതാമസമുണ്ടായിരുന്നു. ഒടുവിൽ നഗരസഭയുടെ നിരന്തര ഇടപെടലിനെ തുടർന്ന് ബിഷപ്പ് ഉൾപ്പെടെ ഉള്ളവരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫലമായി സ്ഥലം ഏറ്റെടുത്തു നൽകുകയായിരുന്നു. ഹൈസ്കൂൾ ജംഗ്ഷന് സമീപം വ്യാപാരികൾ പരാതിയുമായി എത്തിയതോടെ നിർമ്മാണം തടസപ്പെട്ടു. പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ എതിർപ്പുകൾ അവസാനിച്ചതോടെ അവിടെയും നിർമ്മാണം ആരംഭിച്ചു.
മറ്റ് നടപ്പാലങ്ങൾ യാഥാർത്ഥ്യമാകുമോ ?
2020 ഓടെ ഫണ്ടിന്റെ കാലാവധി തീരും,
കടപ്പാക്കട, എസ്.എൻ കോളേജ് ജംഗ്ഷൻ, പാർവ്വതി മില്ലിന് സമീപം എന്നിവിടങ്ങളിലും നടപ്പാലങ്ങൾ നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. എന്നാൽ കോളേജ് ജംഗ്ഷനിലെ നടപ്പാലത്തിന്റെ തൂണുകളിലൊന്ന് റെയിൽവേയുടെ സ്ഥലത്ത് വരുന്നതും പാർവതി മില്ലിന് സമീപത്തെ നടപാലത്തിന്റെ തൂണുകളിലൊന്ന് പാർവതി മിൽ പരിസത്ത് വരുന്നതും ഈ രണ്ട് പാലങ്ങളുടെ നിർമ്മാണത്തിനും തടസമായി. അതേസമയം കടപ്പാക്കടയിലെ പൊതുജനങ്ങൾക്ക് നടപ്പാലം വേണ്ടെന്ന നിലപാടിലാണ്.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരോ പാലത്തിനും അൻപത് ലക്ഷത്തിലധികം രൂപയാണ് വകയിരുത്തിയത്. 2020 ഓടെ ഇതിനായുള്ള ഫണ്ടുകളുടെ കാലാവധി തീരും. സ്ഥലമെടുപ്പിലെ ബുദ്ധിമുട്ടുകൾ മാറിയാൽ പാർവതിമില്ലിനും എസ്.എൻ കോളേജിനും സമീപമുള്ള പാലങ്ങളുടെയും നിർമ്മാണം ആരംഭിക്കും.
''നടപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. സ്ഥലം ഏറ്രെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു നിർമാണ കാലതാമസത്തിന് കാരണം. രണ്ട് നടപ്പാലങ്ങളുടെ നിർമാണം അടുത്ത 30 ഓടെ അവസാനിക്കുമെന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ ഉറപ്പ് നൽകിയിട്ടുള്ളത്. കടപ്പാക്കടയിൽ നടപ്പാലത്തിനോട് ജനങ്ങൾക്ക് താൽപര്യമില്ലാത്തതിനാലാണ് അത് മാറ്റിവച്ചത്. തിരക്കുള്ള മറ്റ് എവിടെയെങ്കിലേക്കും അവ മാറ്റി നിർമ്മിക്കുന്ന കാര്യം കമ്മിറ്റി കൂടി തീരുമാനിക്കണം.'' -
ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്.