പുനലൂർ: കനത്ത മഴയിൽ പുനലൂരിലെ ചെമ്മന്തൂരിലും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലും അപ്രതീക്ഷിതമായി വെള്ളം കയറാൻ കാരണം അനധികൃത നിലം നികത്തലാണെന്ന ആരോപണം ശക്തമായി. ഇളമ്പൽ സ്വാഗതം ജംഗ്ഷൻ മുതൽ പുനലൂരിലെ വെട്ടിപ്പുഴ വരെയുള്ള ദേശീയ പാതയോരത്തെ നിലങ്ങളും ചതുപ്പ് പ്രദേശങ്ങളും അനധികൃതമായി മണ്ണിട്ട് നികത്തിയതാണ് മഴ സമയത്ത് ഈ പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകനാശം സംഭവിക്കാനുള്ള പ്രധാന കാരണം. കൊല്ലം - തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന ചെമ്മന്തൂരിലെ റോഡിൽ വെള്ളം കയറി ഒരു മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായ മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത നിലയാണ് ഈ പ്രദേശങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതും.
മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിതു
ഇളമ്പൽ സ്വാഗതം ജംഗ്ഷൻ, പൈനാപ്പിൽ, ആരംപുന്ന, ബിഷപ്പ് ഹൗസ് ജംഗ്ഷൻ, ചെമ്മന്തൂർ, പൊയ്യാനി ജംഗ്ഷൻ, നരിക്കൽ, എം.എൽ.എ പാതയോരങ്ങൾ, തലയാംകുളം, വെട്ടിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ നിലങ്ങളും താഴ്ന്ന പ്രദേശങ്ങളുമാണ് അനധികൃതമായി മണ്ണിട്ട് നികത്തിയത്. പിന്നീടാണ് ഇവിടെ കെട്ടിടങ്ങളും വ്യാപാരശാലകളും അടക്കമുള്ളവ പണിതത്. ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ ഈ പ്രദേശങ്ങളിലെ 33 ഓളം വ്യാപാരശാലകൾക്കുള്ളിലും വീടുകളിലും മഴവെള്ളം കയറി വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
സ്റ്റോപ്പ് മെമ്മോ നൽകി
പുനലൂർ, വാളക്കോട് വില്ലേജുകളിലെ വെട്ടിപ്പുഴയിലെയും വാളക്കോട്ടെയും കുന്നുകൾ ഇടിച്ചാണ് ചെമ്മന്തൂർ അടക്കമുള്ള ചതുപ്പ് പ്രദേശങ്ങളും നിലങ്ങളും നികത്തിയിരിക്കുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചില സ്ഥലങ്ങളിലെ അനധികൃത മണ്ണെടുപ്പിന് റവന്യൂ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. അവധി ദിവസങ്ങളിൽ പട്ടാപ്പകൽ പോലും അനധികൃതമായി കുന്നുകൾ ഇടിച്ച് നിലങ്ങളിൽ മണ്ണിട്ട് നികത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വെട്ടിപ്പുഴ തോടും കൈയേറി
ചെമ്മന്തൂരിൽ നിന്നാരംഭിച്ച് കല്ലടയാറ്റിലെത്തുന്ന വെട്ടിപ്പുഴ തോടിന്റെ രണ്ട് വശങ്ങളും അനധികൃതമായി കൈയേറിയത് കാരണം തോടിന്റെ വീതി കുറഞ്ഞു. ഇത് മൂലം മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതിനാൽ തോട് നിറഞ്ഞ് സമീപത്തെ സ്ഥലങ്ങളിലേക്കും വെള്ളം കയറുകയാണ്. തുടർച്ചയായി മഴ പെയ്താൽ ഈ പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാകാനുള്ള സാദ്ധ്യതയുണ്ട്.