kaumudy-news-headlines

കൊല്ലം: മുന്നണികളെ സമ്മർദ്ദത്തിലാക്കി എൻ.എസ്.എസ് കാര്യം സാധിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ഭരണകാലത്ത് പ്രസ്താവനകളിറക്കാതെ തന്നെ കാര്യം സാധിക്കാൻ ഒരുപാട് മന്ത്രിമാർ അവർക്കുണ്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തിനു വേണ്ടി ഏറെ അദ്ധ്വാനിച്ചത് താനാണ്. പക്ഷേ അതിന്റെ പേരിൽ താക്കോൽ സ്ഥാനം പിടിച്ചുവാങ്ങിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. കുറച്ചുനാൾ മുമ്പ് വരെ പിണറായി സർക്കാർ നല്ലതാണെന്നാണ് അവർ പറഞ്ഞുനടന്നിരുന്നത്. ഇപ്പോഴാണ് നിലപാട് മാറിയത്. അവർ വലിയ കാര്യങ്ങളെല്ലാം സാധിച്ചു കഴിഞ്ഞു. ഇനി ചെറിയ കാര്യങ്ങളേയുള്ളു. അതിനുള്ള ശ്രമമാണ് നടത്തുന്നത്.

അഴിമതിയിൽ മുങ്ങിക്കുളിച്ചതായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാർ. ഇപ്പോഴത്തെ പിണറായി സർക്കാർ അങ്ങനെയല്ല. വലിയ അഴിമതിയില്ല എന്നതുതന്നെ വലിയ കാര്യമാണ്. ഉപതിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഒരു ചുക്കും സംഭവിക്കില്ല. തോൽക്കുന്നവർക്ക് തെറ്റ് തിരുത്താനുള്ള അവസരമാണത്. സംസ്ഥാന സർക്കാർ ശബരിമല കേസിൽ സന്യാസി ശ്രേഷ്ഠരുടെ അടക്കം അഭിപ്രായം ആരായണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ട കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയാഞ്ഞത് ഇടതുപക്ഷത്തിന് പറ്റിയ വീഴ്ചയാണ്. ഇത് യു.ഡി.എഫ് നന്നായി മുതലെടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.