c
വെള്ളാപ്പള്ളി

കൊല്ലം: വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിൽ കഷായ കലശപൂജയ്ക്ക് വിശിഷ്ടാതിഥികളായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനുമെത്തി.

ഇരുവരും എത്തുമ്പോൾ ക്ഷേത്രത്തിലെ പ്രസിദ്ധമായ കാര്യസിദ്ധി പൂജ നടക്കുകയായിരുന്നു. കാര്യസിദ്ധി പൂജയ്ക്കുശേഷമായിരുന്നു കഷായകലശപൂജ.
ഭദ്രകാളീ സ്തുതികൾ നിറഞ്ഞുനിന്ന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രത്യേകം തയ്യാറാക്കിയ കഷായ കലശവുമേന്തി ഭക്തജനങ്ങൾക്കൊപ്പം ശ്രീകോവിലിന് മൂന്ന് വലംവച്ച അദ്ദേഹം കലശം കൂനമ്പായിക്കുളത്തമ്മയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു.

ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. അനീഷ് കുമാർ എന്നിവർ അനുഗമിച്ചു. വിശിഷ്ടാതിഥിയായാണ് എത്തിയതെങ്കിലും എല്ലാ ഭക്തജനങ്ങളുടെയും പിന്നിലായാണ് അദ്ദേഹം ശ്രീകോവിലിന് വലംവച്ചത്. അന്നദാനത്തിലും പങ്കെടുത്ത് ഭക്തരോട് വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നൂറുകണക്കിന് ഭക്തരാണ് ഇന്നലെ കഷായ കലശപൂജയിൽ പങ്കെടുക്കാനെത്തിയത്. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, പ്രമോദ് കണ്ണൻ, ഇരവിപുരം സജീവൻ, നേതാജി രാജേന്ദ്രൻ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.