photo
മൈനിംഗ് സൈറ്റിൽ വെറുതെ ഇട്ടിരിക്കുന്ന കിറ്റാച്ചി.

കരുനാഗപ്പള്ളി: ചവറ ഐ.ആർ. ഇയുടെ മൈനിംഗ് സൈറ്റിലെ കരാറുകാരെ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിക്കുന്നതായി തൊഴിലാളികളുടെ പരാതി. പൊന്മന, വെള്ളനാതുരുത്ത്, യോഗീശ്വരൻ എന്നിവിടങ്ങളിലാണ് നിലവിൽ മൈനിംഗ് നടന്നു വരുന്നത്. മൂന്ന് മൈനിംഗ് സൈറ്റുകളിലായി 9 കിറ്റാച്ചികളും 4 ഫ്രണ്ട് ലോഡറുകളുമാണ് വർക്കിനായുള്ളത്. മൈനിംഗ് സൈറ്റുകളിൽ നിന്ന് കരിമണൽ കുഴിച്ചെടുത്ത് ടിപ്പർ ലോറികളിൽ കയറ്റുന്നത് കിറ്റാച്ചി ഉപയോഗിച്ചാണ്. മൈനിംഗ് മൂലമുണ്ടാകുന്ന കുഴികളിൽ വേസ്റ്റ് മണ്ണ് റീ ഫില്ല് ചെയ്യുന്നതിനാണ് ഫ്രണ്ട് ലോഡറുകൾ ഉപയോഗിക്കുന്നത്. ഒരു മൈനിംഗ് സൈറ്റിൽ 3 കിറ്റാച്ചികൾ ഉപയോഗിച്ച് വർക്ക് ചെയ്യണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ നിലവിൽ മൂന്ന് സൈറ്റിലുമായി 3 കിറ്റാച്ചികളും 2 ഫ്രണ്ട് ലോഡറും മാത്രമാണ് വർക്ക് ചെയ്യുന്നതെന്നും മൈനിംഗ് ഓഫീസിലെ രേഖകളിൽ 9 കിറ്റാച്ചികളും 4 ഫ്രണ്ട് ലോഡറുകളും വർക്ക് ചെയ്യുന്നതായാണ് രേഖപ്പെടുത്തുന്നതെന്നും മൈനിംഗിലെ തൊഴിലാളികൾ പറയുന്നു.

അന്യ സംസ്ഥാന തൊഴിലാളികൾ

കിറ്റാച്ചികളും ഫ്രണ്ട് ലോഡറും ഡ്രൈവ് ചെയ്യുന്നത് അന്യ സംസഥാന തൊഴിലാളികളാണ്. ഇവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാകുമ്പോൾ കുറഞ്ഞ കൂലിക്ക് പണിയെടുക്കും എന്നതിനാലാണ് ഇവരെ ജോലിക്കായി കരാറുകാർ നിയോഗിക്കുന്നത്. ഇതിനെതിരെ തൊഴിലാളികൾ നിരവധി തവണ ഐ.ആർ.ഇയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകിയെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. തുടർന്ന് തൊഴിലാളികൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ്.

ഡീപ്പ് മൈനിംഗ് വേണമെന്ന് നാട്ടുകാർ

കരിമണൽ ഖനനത്തിന്റെ ആദ്യ നാളുകളിൽ സീ വാഷിംഗ് ആണ് കമ്പനി നടത്തിയിരുന്നത്. കര ക്രമാതീതമായി ഇടിഞ്ഞ് താണ് സമുദ്ര തീരം നഷ്ടപ്പെടാൻ തുടങ്ങിയതോടെ നാട്ടുകാർ ഡീപ്പ് മൈനിംഗ് ആവശ്യപ്പെട്ട് സമരമുഖത്തേക്ക് വന്നു. വർഷങ്ങളായി ആലപ്പാട്ടുകാർ നടത്തിയ സമരത്തിന്റെ ഫലമായി കമ്പനി നിലവിൽ സർഫസ് മൈനിംഗാണ് നടത്തുന്നത്. ഇതിലും നാട്ടുകാർ തൃപ്തരല്ല. ഡീപ്പ് മൈനിംഗ് എന്ന ആവശ്യവുമായി നാട്ടുകാർ ഇപ്പോഴും സമരമുഖത്ത് തന്നെയാണ്.